ആലുവ: ഓൺലൈനിലൂടെ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ടുപേർകൂടി പിടിയിൽ. തമിഴ്നാട് ആമ്പൂർ സ്വദേശി രാജേഷ് (21), ബംഗളൂരു കുറുമ്പനഹള്ളി ചക്രധാർ (36) എന്നിവരെയാണ് റൂറൽ സൈബർ ക്രൈം പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്. ബംഗളൂരു വിദ്യാർണപുര സ്വാഗത് ലേ ഔട്ട് ശ്രീ നിലയത്തിൽ മനോജ് ശ്രീനിവാസിനെ (33) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മനോജിന്‍റെ സഹായിയാണ് ചക്രധാർ. പറവൂർ സ്വദേശികളായ സ്മിജയിൽനിന്ന് ഏഴുലക്ഷത്തോളം രൂപയും ബിനോയിയിൽനിന്ന് 11 ലക്ഷത്തോളം രൂപയുമാണ് സംഘം തട്ടിയത്.
സൈബർ പൊലീസിന്‍റെ പ്രാഥമിക പരിശോധനയിൽ 50 ഓളം അക്കൗണ്ടുകളിൽനിന്ന് 250 കോടിയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഒൺലൈൻ ടാസ്ക് വഴിയാണ് പറവൂർ സ്വദേശികൾക്ക് പണം നഷ്ടമായത്. പാർട്ട് ടൈം ജോബിന്‍റെ ഭാഗമായി യു ട്യൂബ് ലൈക്ക് ചെയ്യുന്നത് വഴി വരുമാനം, 1000 രൂപ നിക്ഷേപിച്ചാൽ വൻതുക വരുമാനം എന്നിങ്ങനെയായിരുന്നു വാഗ്ദാനം. ആദ്യഘട്ടം എന്ന നിലയിൽ ചെറിയ തുകകൾ പ്രതിഫലം, ലാഭം എന്നിങ്ങനെ പറഞ്ഞ് കൈമാറും. തുടർന്ന് വിശ്വാസം ജനിപ്പിച്ചശേഷം വലിയ തുകകൾ നിക്ഷേപിപ്പിക്കും. ഇതിന്‍റെ ലാഭം തിരികെ ലഭിക്കാനായി ജി.എസ്.ടി, മറ്റ് നികുതികൾ എന്നിങ്ങനെ കൂടുതൽ തുകകൾ വാങ്ങി കബളിപ്പിക്കുകയാണ് ചെയ്യുന്നത്.
ഈ തട്ടിപ്പ് നടത്തുന്നതിനായി സാധാരണക്കാരെക്കൊണ്ട് കറൻറ് അക്കൗണ്ട് എടുപ്പിക്കും. ഈ അക്കൗണ്ട് ഇവരറിയാതെ കൈകാര്യം ചെയ്യുന്നത് മനോജും സംഘവുമാണ്. പിടിക്കപ്പെട്ടാൽ അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് സംഘം ഇങ്ങനെ ചെയ്യുന്നത്. ഇതിലേക്കാണ് ജോലി വാഗ്ദാനം ചെയ്ത് പറ്റിക്കപ്പെടുന്നവർ പണം നിക്ഷേപിക്കുന്നത്. ഒരു ദിവസം ആയിരത്തിലേറെ പണമിടപാട് ഒരു അക്കൗണ്ട് വഴി മാത്രം നടന്നിട്ടുണ്ട്. ദുബൈയിൽ ജോലി ചെയ്യുന്ന കെവിൻ, ജെയ്സൻ എന്നിങ്ങനെ രണ്ടുപേരെ സമൂഹമാധ്യമം വഴി പരിചയപ്പെട്ടുവെന്നും അവർ പങ്കാളികളായിട്ടാണ് തട്ടിപ്പ് ആരംഭിച്ചതെന്നുമാണ് പ്രതി പറഞ്ഞത്. എന്നാൽ, അന്വേഷണത്തിൽ ഈ പേരുകളും അക്കൗണ്ടും വ്യാജമാണെന്നും ചൈനയിൽനിന്ന് ഓപറേറ്റ് ചെയ്യുന്നതാണെന്നുമാണ് മനസ്സിലായത്. അക്കൗണ്ട് വഴി ലഭിക്കുന്ന തുക ക്രിപ്റ്റോ കറൻസിയാക്കി വിദേശത്തെത്തിക്കുകയാണ് പതിവ്. ചക്രധാറാണ് ആളുകളെക്കൊണ്ട് അക്കൗണ്ട് എടുപ്പിക്കുന്നത്. ഇയാളുടെ പരിചയക്കാരനാണ് രാജേഷ്. രാജേഷിന്‍റെ അക്കൗണ്ട് വഴി രണ്ടുദിവസം കൊണ്ട് മാത്രം 10 കോടിയിലേറെ രൂപയുടെ ഇടപാടാണ് നടന്നിട്ടുള്ളത്. റൂറൽ ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ബി. ലത്തീഫ്, എസ്.ഐ റെനിൽ വർഗീസ്, സീനിയർ സി.പി.ഒമാരായ ലിജോ ജോസ്, ജെറി കുര്യാക്കോസ്, ഷിറാസ് അമീൻ, ഐനിഷ് സാബു, എം.എസ്. സിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.