മലപ്പുറം: 56 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കടത്തിയ യാത്രക്കാരനും, ഇയാളുടെ അറിവോടെ സ്വർണം കവർച്ച ചെയ്യാന്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ആറു പേരടങ്ങുന്ന ക്രിമിനൽ സംഘവും പിടിയിൽ. വിമാനത്താവള പരിസരത്തുവെച്ചാണ് സംഘം പിടിയിലായത്.
ഇന്നലെയാണ് സംഭവം. ഖത്തറില്‍നിന്നും എത്തുന്ന കുറ്റ്യാടി സ്വദേശിയായ ലബീബ് (19) എന്ന യാത്രക്കാരന്‍ അനധികൃതമായി സ്വർണം കടത്തികൊണ്ടു വരുന്നുണ്ടെന്നും ഇത് കവര്‍ച്ച ചെയ്യാന്‍ ക്രിമിനൽ സംഘം വിമാനത്താവള പരിസരത്തുണ്ടെന്നും മലപ്പുറം ജില്ല പൊലീസ് മേധാവി എസ്. ശശിധരന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് വിമാനത്താവള പരിസരങ്ങളില്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.
കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ് എന്നിവരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ, വിമാനത്താവളത്തിന് പുറത്ത് മറ്റൊരു കാറില്‍ പാനൂര്‍ സ്വദേശികളായ അജ്മല്‍ (36), മുനീര്‍ (34), നജീബ് (45), എന്നിവരുമുണ്ടെന്ന് മനസ്സിലായി. ഈ സമയം കസ്റ്റംസ് പരിശോധനയിൽ പിടിക്കപ്പെടാതെ സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ കുറ്റ്യാടി സ്വദേശി ലബീബ് പൊലീസ് പിടിയിലായി. ഇത് മനസ്സിലാക്കിയ കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേര്‍ കാറില്‍ സ്ഥലംവിട്ടു. എന്നാൽ, പൊലീസ് ഇവരെ പിന്തുടര്‍ന്ന് കണ്ണൂര്‍ ചൊക്ലിയില്‍വെച്ച് അറസ്റ്റ് ചെയ്തു.
കുറ്റ്യാടി സ്വദേശി ഫസല്‍ എന്നയാളാണ് സ്വർണവുമായി വരുന്ന യാത്രക്കാരന്‍റെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് കൈമാറിയത്. തുടര്‍ന്ന് അജ്മലിന്‍റെ നേതൃത്വത്തില്‍ രണ്ട് കാറുകളിലായി 6 പേരടങ്ങുന്ന സംഘം എത്തുകയായിരുന്നു.
കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്ത് തുല്യമായി പങ്കിട്ടെടുക്കാനായിരുന്നു പദ്ധതി. കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ട അഖിലേഷ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വയനാട് മീനങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ ഒന്നര കോടി രൂപ കവര്‍ച്ച ചെയ്ത ഹൈവേ മോഷണക്കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയതാണ്. പ്രതികളെ മഞ്ചേരി കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.