കണ്ണൂർ: സി.പി.എം ജില്ല കമ്മിറ്റിയംഗം കൂടിയായ പി.പി. ദിവ്യയെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നിൽ പാർട്ടി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ശക്തമായ നിലപാട്. സംസ്ഥാന കമ്മിറ്റിക്കു മുമ്പാകെ പത്തനംതിട്ട കമ്മിറ്റി കൈക്കൊണ്ട നിലപാടിൽനിന്ന് ഒരടി അവർ പിന്നോട്ടുപോയതുമില്ല. ആദ്യഘട്ടത്തിൽ ദിവ്യക്കൊപ്പം നിലകൊണ്ട കണ്ണൂർ ഘടകം പത്തനംതിട്ട നേതാക്കളുമായി അനുനയ നീക്കം നടത്തിയെങ്കിലും ഫലിച്ചില്ല.
സംസ്ഥാനത്തെ ഇടതു സർവിസ് സംഘടനകളും നേതാക്കളും ദിവ്യക്കെതിരെ ശക്തമായി നിന്നതും പൊതുജനവികാരം എതിരാവുകയും ചെയ്തതോടെ കണ്ണൂർ ഘടകത്തിന് മറിച്ചൊന്നും ചിന്തിക്കാൻ കഴിയാത്ത സ്ഥിതിയായി.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിട്ടും പത്തനംതിട്ട കമ്മിറ്റി അയയുന്നില്ലെന്നതും ദിവ്യക്ക് തിരിച്ചടിയാവും. നിലപാട് കടുപ്പിച്ചാൽ ജില്ല കമ്മിറ്റിയംഗത്തിൽനിന്ന് മാറ്റാനും പാർട്ടി നിർബന്ധിതമാവും. പത്തനംതിട്ട ജില്ല കമ്മിറ്റി അത്തരമൊരു ആവശ്യം അംഗീകരിച്ചാൽ അത് സംസ്ഥാന സമിതിയിലും സെക്രട്ടേറിയറ്റിലും ചർച്ച ചെയ്തശേഷം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റിന് കൈമാറും. ഈ നടപടിക്രമങ്ങൾ പൂർത്തിയാകാൻ മാസങ്ങൾ പിന്നിടുകയും ചെയ്യും. ജില്ല സമ്മേളനത്തോടെയാവും പാർട്ടിതല നടപടികൾക്ക് സാധ്യത.
വ്യാഴാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ദിവ്യയെ സംരക്ഷിക്കേണ്ടെന്ന പൊതു വികാരമാണുണ്ടായത്. വെള്ളിയാഴ്ച ജില്ല സമിതി യോഗത്തിൽ ഇത് റിപ്പോർട്ട് ചെയ്തശേഷം ദിവ്യയെ നീക്കാമെന്നും തീരുമാനിച്ചു. വെള്ളിയാഴ്ചയിലെ ജില്ല സമിതി യോഗം മാറ്റിയതോടെ വിഷയം സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനക്ക് വിട്ടു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ സംസ്ഥാന സെക്രട്ടറി അനുമതി നൽകിയതോടെ ജില്ല സെക്രട്ടേറിയറ്റ് തീരുമാനം നടപ്പാക്കി പ്രസ്താവനയിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.