പത്തനംതിട്ട: പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് മന്ത്രി വീണ ജോര്‍ജ് നിര്‍വഹിക്കും. പീഡിയാട്രിക് ഐ.സി.യു, എച്ച്.ഡി.യു ആന്റ് വാര്‍ഡ്, ബ്ലഡ് ബാങ്ക്, എക്സ്റേ യൂണിറ്റ്, മാമോഗ്രാം, ഇ ഹെല്‍ത്ത് എന്നിവയുടെ ഉദ്ഘാടനവും ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്- ഒ.പി. ബ്ലോക്ക് എന്നിവയുടെ ശിലാസ്ഥാപനവും നടക്കും.
പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ വികസനത്തില്‍ നിര്‍ണായകമാകുന്ന പദ്ധതികളുടെ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല ബേസ് ആശുപത്രിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന ജനറല്‍ ആശുപത്രിയിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
34 ലക്ഷം രൂപ ഉപയോഗിച്ചാണ് പീഡിയാട്രിക് ഐ.സി.യു, എച്ച്.ഡി.യു ആന്റ് വാര്‍ഡ് സജ്ജമാക്കിയത്. രണ്ട് കിടക്കകളോടു കൂടിയ ഐ.സി.യു, നാല് കിടക്കകളോടു കൂടിയ എച്ച്ഡിയു, 15 കിടക്കകളോടു കൂടിയ വാര്‍ഡ് എന്നിവയാണ് സജ്ജീകരിച്ചത്. വെന്റിലേറ്റര്‍, കേന്ദ്രീകൃത ഓക്സിജന്‍ തുടങ്ങിയ സംവിധാനങ്ങളുണ്ടാകും.
28.45 ലക്ഷം രൂപ ചെലവഴിച്ചാണ് ബി ആൻറ് സി ബ്ലോക്ക് ഒന്നാം നിലയില്‍ ബ്ലഡ് ബാങ്ക് സജ്ജീകരിച്ചത്. 27.25 ലക്ഷം രൂപ ചെലവഴിച്ചാണ് 2 ഹെ എന്‍ഡ് എക്സ്റേ മെഷീനുകള്‍ സ്ഥാപിച്ചത്.ഒ.പി കൗണ്ടറിലും ഐ.പി ബില്ലിംഗിലുമാണ് ആദ്യഘട്ടമായി ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കുന്നത്.
ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക്
51,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 23.75 കോടി രൂപ ചെലവഴിച്ചാണ് നാല് നിലകളിലായാണ് പുതിയ ക്രിട്ടിക്കല്‍ കെയര്‍ ബ്ലോക്ക് നിർമിക്കുന്നത്. ആധുനിക ട്രോമാകെയര്‍ സൗകര്യങ്ങളോടു കൂടിയുള്ള അത്യാഹിത വിഭാഗം, ഐസലേഷന്‍ വാര്‍ഡ്, മൈനര്‍ ഓപറേഷന് തീയറ്റര്‍, ഐസിയു, എച്ച്ഡിയു, ഡയാലിസിസ് യൂണിറ്റ്, ഐസൊലേഷന്‍ റൂം, ഐസൊലേഷന്‍ വാര്‍ഡ്, എമര്‍ജന്‍സി പ്രൊസീജിയര്‍ റൂം എന്നിവ ഒരുക്കും.
ഒ.പി ബ്ലോക്ക്
22.16 കോടി രൂപ മുടക്കിൽ 31,200 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ ഒ.പി കെട്ടിടം നിർമിക്കുന്നത്.
20 ഒ.പി മുറികള്‍, മൈനര്‍ ഓപറേഷന് തീയറ്റര്‍, വാര്‍ഡുകള്‍, ഒബ്സര്‍വേഷന്‍ മുറികള്‍, ഫാര്‍മസി, റിസപ്ഷന്, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും.
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മാമോഗ്രാം പരിശോധനാ സൗകര്യം ഒരുങ്ങി. സ്തനാര്‍ബുദം പോലുളള രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കാനായാണ് 21.14 ലക്ഷം രൂപ മുടക്കി മാമോഗ്രാം മെഷിന് സ്ഥാപിച്ചത്. ആശുപത്രിയിലെ എ ബ്ലോക്കിലാണ് പരിശോധനാ കേന്ദ്രം പ്രവർത്തിക്കുന്നത്. റേഡിയോളജി വകുപ്പിന്റെ കീഴിലാകും പരിശോധന. ആഴ്ചയിൽ നാല് ദിവസം ഒ.പിയുടെ അതേ സമയത്താണ് പരിശോധനയും നടക്കുക. ബുക്കിങ് സംവിധാനം ഏർപാടാക്കാനും ആലോചിക്കുന്നു. കേന്ദ്രത്തിൽ സ്ത്രീകൾ മാത്രമാണ് ജീവനക്കാരായുള്ളത്. സ്ത്രീകളിൽ കൂടുതലായി സ്തനാർബുദം കണ്ടെത്തുന്നതിനാലാണിത്. പുരുഷൻമാർക്കും പരിശോധന നടത്താം. മാമോഗ്രാം പരിശോധനക്കായി മാത്രം ഒരു ജീവനക്കാരിയെ നിയമിച്ചിട്ടുണ്ട്.
മാമോഗ്രാം പരിശോധനയിലൂടെ രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ സാധിക്കുന്നതിനാൽ രോഗം സങ്കീർണമാകാതിരിക്കാനും മരണനിരക്ക് വളരെയേറെ കുറയ്ക്കാനും സാധിക്കും. 21.14 ലക്ഷം രൂപ ചെലവിട്ടാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.