പാറ്റൂർ ആക്രമണകേസിൽ കീഴടങ്ങിയ ആരിഫ്, ആസിഫ്, ജോമോൻ രമേഷ്, രഞ്ജിത് എന്നിവർ

പാറ്റൂർ ആക്രമണം: പൊലീസിനെ നോക്കുകുത്തിയാക്കി നാല്​ പ്രതികൾ കോടതിയിൽ കീഴടങ്ങി

തിരുവനന്തപുരം: പാറ്റൂര്‍ ആക്രമണക്കേസിൽ പൊലീസിനെ നോക്കുകുത്തിയാക്കി പ്രതികളും ഗുണ്ടാത്തലവന്‍ ഓംപ്രകാശിന്‍റെ കൂട്ടാളികളുമായ നാലുപേർ കോടതിയില്‍ കീഴടങ്ങി. ഒന്നാംപ്രതി മേട്ടുക്കട ചരുവിളാകത്തുവീട്ടിൽ ആരിഫ് (31), രണ്ടാംപ്രതി മുന്ന എന്നുവിളിക്കുന്ന ആസിഫ് (35), മൂന്നാംപ്രതി മേട്ടുക്കട സുരേഷ് നിവാസിൽ ജോമോൻ രമേഷ് (24), നാലാംപ്രതി കാഞ്ഞിരംപാറ വസന്തഭവനിൽ രഞ്ജിത് (21)  എന്നിവരാണ് കീഴടങ്ങിയത്.

ശനിയാഴ്ച രാവിലെ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 11ലാണ്​ കീഴടങ്ങിയത്. പ്രതികളിലൊരാളാ‍യ രഞ്ജിത്തും കീഴടങ്ങാന്‍ എത്തിയെങ്കിലും ശാരീരികാസ്വാസ്ഥ്യം കാരണം ഇയാള്‍ കോടതിയിൽനിന്ന് ഫോർട്ട് ആശുപത്രിയിലേക്ക് പോയി. എന്നിട്ടും ഇയാളെ പിടികൂടാൻ പൊലീസ് ശ്രമിച്ചില്ല. തുടർന്ന് ചികിത്സക്ക് ശേഷമാണ് രഞ്ജിത്ത് കീഴടങ്ങിയത്. നാലുപേരെയും 15 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിനായി ഇവരെ പൊലീസ്​​ കസ്റ്റഡിയിൽ വാങ്ങും. 

ജനുവരി എട്ടിന് പുലര്‍ച്ചെയാണ് പാറ്റൂരില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടമയായ നിഥിന്‍ അടക്കമുള്ള നാലുപേരെ ഓംപ്രകാശിന്‍റെ നേതൃത്വത്തിലുള്ള സംഘം കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പിച്ചത്. തുടര്‍ന്ന് സംഘം ഒളിവിൽപോകുകയായിരുന്നു. ഒളിവില്‍ കഴിയവേ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥയുമായും സി.പി.ഐ നേതാവിന്‍റെ മകളുമായും ആരിഫ് നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം തുടരുന്നതിനിടെയാണ് ആരിഫ് അടക്കമുള്ളവര്‍ കോടതിയില്‍ കീഴടങ്ങിയത്. കഴിഞ്ഞദിവസം ഇവരുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു.  

എന്നാൽ രാഷ്ട്രീയ സ്വാധീനമുള്ള ഓംപ്രകാശിന്‍റെ കൂട്ടാളികൾ പൊലീസിന്‍റെ ഒത്താശയോടെയാണ് കോടതിയിൽ കീഴടങ്ങിയതെന്ന ആരോപണം ശക്തമാണ്. ഓംപ്രകാശിന്‍റെ കൂട്ടാളികളായ ആരിഫിന്‍റെയും ആസിഫിന്‍റെയും വീടാക്രമിച്ചതിനെ തുടര്‍ന്നാണ് പാറ്റൂരിലെ ഏറ്റുമുട്ടലുണ്ടാകുന്നത്. വീടാക്രമണത്തിന് പ്രതികാരമായാണ് എതിര്‍സംഘത്തിലെ നിഥിന്‍ അടക്കം നാലുപേരെ തിരിച്ച് ആക്രമിച്ചത്.

നിഥിനുമായുള്ള സാമ്പത്തികതര്‍ക്കങ്ങളും ആക്രമണത്തിന് കാരണമായി.  അതേസമയം ഓംപ്രകാശിന് പുറമെ മെഡിക്കൽ കോളജിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ കുപ്രസിദ്ധ ഗുണ്ട പുത്തൻപാലം രാജേഷും ഒളിവിലാണ്. രണ്ടാഴ്ച കഴിഞ്ഞിട്ടും രാജേഷിനെയോ ഇയാളുടെ കൂട്ടാളികളെയോ കണ്ടെത്താൻപോലും അന്വേഷണസംഘത്തിന് കഴിയാത്തത് സേനക്കാകമാനം നാണക്കേടായി മാറിയിട്ടുണ്ട്.

Tags:    
News Summary - Patur Gunda attack: Four accused surrendered in court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.