തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി. ജോർജിന്‍റെ ജാമ്യം റദ്ദാക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്‍റെ പ്രസ്താവനകൾ സംസ്ഥാനത്ത് വർഗീയ വിപത്ത് സൃഷ്ടിക്കുമെന്നും സർക്കാർ കോടതിയിൽ. ഉപാധികളോടെ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വാദം നടക്കവെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ജാമ്യ വ്യവസ്ഥകൾ ജോർജ് ലംഘിച്ചെന്നും സർക്കാർ അറിയിച്ചു.
ജാമ്യം നേടിയ ശേഷം ദൃശ്യമാധ്യമങ്ങൾക്ക് മുന്നിലെത്തിയ ജോർജ് പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നതായി പറഞ്ഞിരുന്നു. വിദ്വേഷ പ്രസ്‌താവനകൾ പൊതുപരിപാടികളിലും സാമൂഹ മാധ്യമങ്ങളിലും ആവർത്തിച്ചു. ഇതു കോടതിയെയും നിയമ സംവിധാനങ്ങളെയും വെല്ലുവിളിക്കുന്നതാണ്. ഇക്കാരണങ്ങളാൽ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, ജാമ്യം റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാൻ കോടതി ഒരാഴ്ച സമയം അനുവദിച്ചു.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിക്കുന്നത്. സർക്കാർ അഭിഭാഷകന്‍റെ അഭാവത്തിൽ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത് ഹൈകോടതി സർക്കുലറിന് എതിരാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിയുന്ന പ്രതി കോടതിയിൽ കീഴടങ്ങുമ്പോൾ ജാമ്യം സർക്കാർ ഭാഗം കൂടി പരിഗണിച്ചേ നൽകാവൂവെന്നാണ് ഹൈകോടതി സർക്കുലറിലുള്ളതെന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. പാലാരിവട്ടത്തെ ക്ഷേത്രത്തിൽ ജോർജ് വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ജോർജ് നടത്തിയ പ്രസംഗങ്ങളുടെ നാല് സീഡികളും പൊലീസ് ഹാജരാക്കി.
ജോർജിന്റെ അറസ്റ്റ് തടയാനാവില്ല –കോടതി
കൊച്ചി: മതവിദ്വേഷം വളർത്തുന്ന പ്രസംഗം നടത്തിയ മുൻ എം.എൽ.എ പി.സി. ജോർജിന്റെ അറസ്റ്റ് തടയാനാവില്ലെന്ന് കോടതി. പി.സി. ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് അറസ്റ്റ് തടയണമെന്ന ആവശ്യം, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിരസിച്ചത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈമാസം 16ലേക്ക് മാറ്റി.
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സപ്താഹയജ്ഞ പരിപാടിയിലാണ് പി.സി. ജോർജ് മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെയാണ് മുൻകൂർ ജാമ്യം തേടിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കേസ് ഡയറി ഹാജരാക്കാൻ കോടതി പ്രോസിക്യൂഷന് നിർദേശം നൽകി. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി. ജോർജിനെതിരെ മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസിൽ മജിസ്‌ട്രേറ്റ് കോടതി ജോർജിന് ജാമ്യം അനുവദിച്ചിരുന്നു. സമുദായ സ്പർധയുണ്ടാക്കൽ, മനഃപൂർവമായി മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ജോർജിനെതിരെ കൊച്ചി സിറ്റി പൊലീസ് ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.