കോട്ടയം: സഭാ തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തില്‍ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചു കൊണ്ട് പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യപിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചുളളതാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഇന്ത്യന്‍ ഭരണഘടനക്ക് കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന ഒരു ജനപ്രതിനിധി രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്തു കൊണ്ട് സംസാരിച്ചത് നിയമലംഘനമാണ്. പാത്രിയര്‍ക്കീസ് വിഭാഗം നേരിടുന്നത് അന്യായമായ വിധിയാണെന്ന് പ്രസ്താവിക്കാന്‍ പി.സി. ജോര്‍ജിനെ പ്രേരിപ്പിച്ചത് എന്ത് സംഗതിയാണെന്ന് മനസ്സിലാകുന്നില്ലെന്ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു.
ഒരു വിഭാഗത്തെയും വിശദമായി കേട്ടതിന് ശേഷം ഇന്ത്യയുടെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരസ്യമായി തെരുവില്‍ വിമര്‍ശിക്കുന്നത് നിയമസഭാംഗത്തിന് ചേരുന്ന പ്രവൃത്തിയല്ല. വാസ്തവ വിരുദ്ധമായ കണക്കുകള്‍ നിരത്തി വോട്ട് ശക്തിയുണ്ടെന്ന് തെറ്റു ധരിപ്പിച്ച് നിയമം അനുസരിക്കാത്ത ആളുകളെ വീണ്ടും നിയമ നിഷേധത്തിന് പ്രേരിപ്പിക്കുന്ന രീതി തികച്ചും അപലപനീയമാണ്. കോടതിയില്‍ നിന്നും പാത്രിയര്‍ക്കീസ് വിഭാഗത്തിന് നീതി ലഭിക്കുന്നില്ല എന്നു പറയുന്നവര്‍ കോടതി വിധികള്‍ അവര്‍ക്ക് എതിരായി വരുന്നതിന്‍റെ കാരണം ഇതുവരെ പരിശോധിക്കാന്‍ ശ്രമിക്കാത്തത് ഖേദകരമാണ്.
കീഴ്‌കോടതി മുതല്‍ സുപ്രീംകോടതി വരെ 35ല്‍ പരം ന്യായാധിപന്മാര്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിച്ചിട്ടുളളതായ വിഷയമാണ് ഇപ്പോള്‍ സഭക്ക് മുന്നില്‍ ഉളളത്. കേസുകള്‍ കൊടുക്കുകയും വിധികള്‍ വരുമ്പോള്‍ അനുസരിക്കാതെ ഇരിക്കുകയും ചെയ്യുന്ന പ്രവണതയാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ ഭാഗത്ത് നിന്ന് കണ്ടു വരുന്നത്. ഇതിനെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രയ നേതാക്കളും പിന്തുണക്കുന്നത് രാജ്യത്തിന്‍റെ നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന പ്രക്രിയയുടെ ഭാഗമാണെന്ന് പൊതുജനം മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ ദീയസ്‌കോറോസ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.