കോഴിക്കോട്: പി. ജയരാജന്റെ ‘കേരളം: മുസ്‍ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‍ലാം’ പുസ്തകം കത്തിച്ച് പി.ഡി.പി പ്രവർത്തകർ പ്രതിഷേധിച്ചു. മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുന്നാസിർ മഅ്ദനി പ്രധാന പങ്കുവഹിച്ചെന്നാരോപിക്കുന്ന പുസ്തകമാണ് കത്തിച്ചത്.
പ്രകാശനം നടന്ന വേദിക്ക് സമീപമായിരുന്നു പ്രതിഷേധം. ശനിയാഴ്ച വൈകീട്ട് പ്രകാശനം കഴിഞ്ഞ് കോഴിക്കോട് എൻ.ജി.ഒ യൂനിയൻ ഹാളിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയതിനു ശേഷമാണ് പി.ഡി.പി പ്രവർത്തകരെത്തി പുസ്തകം കത്തിച്ചത്.
കൊച്ചി: കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത വളര്‍ത്തിയതില്‍ മഅ്ദനിക്ക് പങ്കുണ്ടെന്ന പി. ജയരാജന്‍റെ പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് പി.ഡി.പി നേതൃത്വം. ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിക്കെതിരായ തീവ്രവാദ ആരോപണത്തിൽ പുസ്തകം വിശദമായി പഠിച്ചശേഷം അപവാദങ്ങള്‍ക്കെതിരെ അക്കമിട്ട് മറുപടി പറയുമെന്ന് വാർത്തസമ്മേളനത്തിൽ പി.ഡി.പി നേതാക്കൾ അറിയിച്ചു.
മഅ്ദനിക്ക് ജയരാജന്‍റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട. പുസ്തകത്തിലേത് സി.പി.എമ്മിന്‍റെ അഭിപ്രായമാണെങ്കില്‍ സെക്രട്ടറി വ്യക്തമാക്കട്ടെയെന്നും അവർ പറഞ്ഞു.
ഫാഷിസത്തിനെതിരെ ഇടത് മതേതര ചേരിയുടെ നിലപാടുകള്‍ക്കാണ് പി.ഡി.പി പിന്തുണ നല്‍കിയിട്ടുള്ളത്. അതിലെ ഏതെങ്കിലും നേതാക്കളുടെ വ്യത്യസ്ത നിലപാടുകളിലോ സമീപനങ്ങളിലോ പാർട്ടിക്ക് രാഷ്ട്രീയ സന്ധിയാവാന്‍ കഴിയില്ല. ഉപതെരഞ്ഞെടുപ്പിലെ നിലപാട് സംസ്ഥാന സമിതി യോഗശേഷം പ്രഖ്യാപിക്കും.
90കളിൽ മഅ്ദനി രൂപവത്കരിച്ച സംഘടനയുടെ പേരില്‍ മഅ്ദനിക്കെതിരെ ഒരു കേസ് പോലുമില്ല. സംഘ്പരിവാര്‍ വിദ്വേഷ പ്രവര്‍ത്തനങ്ങളില്‍ മനംനൊന്ത് മുസ്ലിം യുവാക്കള്‍ തീവ്രചിന്താഗതിയിലേക്ക് വഴിമാറാതിരിക്കാൻ ചേര്‍ത്ത് നിര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം മഅ്ദനി നടത്തിയെന്ന് പറയുന്ന വൈകാരിക പ്രഭാഷണങ്ങളില്‍ തീവ്രവാദ ചിന്ത ഉടലെടുത്തെന്ന് പറയുന്നവര്‍ തെളിവ് നിരത്തണം.
വാര്‍ത്തസമ്മേളനത്തില്‍ പി.ഡി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം. അലിയാര്‍, മുഹമ്മദ് റജീബ്, മജീദ് ചേര്‍പ്പ്, ടി.എ. മുജീബ് റഹ്മാന്‍, ജില്ല സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.