കൊച്ചി: ''ഹായ് എന്തു വല്യേ കെട്ടിടങ്ങളാല്ലേ.. നോക്ക്, നമ്മള് വിമാനത്തിലാണോ പോണത്..സൂപ്പറാല്ലേ..'' തൊട്ടടുത്തിരിക്കുന്ന കൂട്ടുകാരിക്ക് കൈചൂണ്ടി ചുറ്റുമുള്ള കാഴ്ചകൾ കാണിച്ചുകൊടുത്ത് ഖദീജ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. വിഷാദം തെല്ലൊന്ന് തളർത്തിയ മുഖത്ത് നവോന്മേഷത്തിെൻറയും സന്തോഷത്തിെൻറയും നിറചിരി ആവോളമുണ്ട്. മെട്രോയുടെ ചില്ലുജാലകത്തിന് പുറത്തേക്ക് ചിരിച്ചുകൊണ്ട് ശബ്ദങ്ങളാലും കൂട്ടുകാരുടെ വർണനകളാലും പിന്നെ അകക്കണ്ണിൻ നിറവിനാലും എല്ലാം കണ്ടറിഞ്ഞ് നാലുവയസ്സുകാരൻ ടിപ്പുവുണ്ട്. 27 വർഷമായി വീൽചെയറിൽ ജീവിക്കുന്ന ഷൈമോളുടെ മുഖവും മുമ്പത്തേക്കാളേറെ പ്രസന്നം.
കൈകോർത്തു പിടിച്ചിരിക്കുന്ന ഡൗൺ സിൻഡ്രോം ബാധിതരായ ഇരട്ട സഹോദരന്മാർ അസദും അർഷദും ചുറ്റുമുള്ള വിസ്മയക്കാഴ്ചകളെപറ്റി അവർക്കുമാത്രം മനസ്സിലാവുന്ന ഭാഷയിൽ പരസ്പരം വർണിച്ചുകൊണ്ടിരുന്നു.
കോതമംഗലം പീസ് വാലിക്ക് കീഴിലെ സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രത്തിലെ അംഗങ്ങൾക്ക് സംഘടിപ്പിച്ച മെട്രോ യാത്രയിലായിരുന്നു ഈ നനവൂറും കാഴ്ചകൾ. ആലുവയിൽനിന്ന് രാവിലെ പുറപ്പെട്ട് എം.ജി റോഡ് മെട്രോ സ്റ്റേഷനിൽ അവസാനിച്ച യാത്രയിൽ അവർക്കൊപ്പം ടൗൺ ഹാൾ സ്റ്റേഷനിൽനിന്ന് കലക്ടർ ജാഫർ മാലിക്കുകൂടി ചേർന്നതോടെ ആനന്ദം ഇരട്ടിയായി. എല്ലാവർക്കും അദ്ദേഹം മധുരം നൽകിയപ്പോൾ പലരുടെയും ചിരി ഒന്നുകൂടി തെളിഞ്ഞു.
പാട്ടും കഥയുമായി ഒരുമണിക്കൂർ നേരം അവർ കൊച്ചിയുടെ ആകാശക്കാഴ്ചകൾ കൺനിറയെ കണ്ടു. അന്തേവാസികൾക്കായി കൊച്ചി മെട്രോയുമായി സഹകരിച്ച് സൗജന്യയാത്രയാണ് ഒരുക്കിയത്. നൂറോളം പേരാണ് പങ്കെടുത്തത്.
പൊങ്ങൻചോട് ആദിവാസി ഊരിൽനിന്ന് പീസ് വാലി ഏറ്റെടുത്ത അന്ധബാലൻ ടിപ്പുവിനും അമ്മ രമണിക്കും വല്യമ്മ ജാനകിക്കുമെല്ലാം ഇതൊരു പുതിയ അനുഭവമായിരുന്നു. മട്ടാഞ്ചേരിയിൽ പിതാവിെൻറ ക്രൂരമർദനത്തിനിരയായതിനുപിന്നാലെ പീസ് വാലിയിലെത്തിയ ഓട്ടിസം ബാധിതനായ ബിലാലും യാത്രയേറെ ആസ്വദിച്ചു. ജീവിതം മുഴുവൻ ഒരു മുറിയിൽ ഒതുങ്ങിപ്പോകുമായിരുന്നവർക്ക് പീസ് വാലി നൽകുന്ന അവസരങ്ങൾ മാതൃകയാണെന്ന് കലക്ടർ പറഞ്ഞു.
പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, വൈസ് ചെയർമാൻ രാജീവ് പള്ളുരുത്തി, മെട്രോ പി.ആർ.ഒ സുമി, ഓപറേഷൻസ് വിഭാഗം മേധാവി പ്രദീപ് കത്രി, പീസ് വാലി ഭാരവാഹികളായ എം.എം. ശംസുദ്ദീൻ, കെ.എ. ഷമീർ, കെ.എച്ച്. ഹമീദ്, ഇ.എ. ഉസ്മാൻ, കെ.എസ്. ഷാജഹാൻ, മെഡിക്കൽ ഓഫിസർ ഡോ. ഹെന്ന, ക്ലിനിക്കൽ ഡയറക്ടർ ഡോ. ഹേന എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.