മൂന്നാർ: സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ വൈദ്യുതി മന്ത്രി എം.എം മണി മാപ്പുപറയണമെന്നും രാജിവെക്കണമെന്നും ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ നേതാക്കൾ നിരാഹാര സമരം തുടങ്ങി. ഗോമതി അഗസ്റ്റിനും കൗസല്യയും ആണ് മൂന്നാർ ടൗണിൽ ഗാന്ധി പ്രതിമക്ക് സമീപം രാവിലെ മുതൽ നിരാഹാര സമരം ആരംഭിച്ചത്.
സി.പി.എമ്മുകാരുടെ ഭീഷണി ഭയന്നാണ് തൊഴിലാളികൾ സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ഗോമതി മാധ്യമങ്ങളോട് പറഞ്ഞു. സമരപ്പന്തലിൽ തൊഴിലാളികളുടെ ബാഹുല്യമില്ലെങ്കിലും സമരം തുടരുമെന്നും അവർ വ്യക്തമാക്കി.
മണി മൂന്നാറിലെത്തി തൊഴിലാളികളുടെ കാലുപിടിച്ച് മാപ്പുപറയുംവരെ സമരം തുടരുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ. എം.എം. മണി രണ്ടു തവണ ഖേദപ്രകടനം നടത്തിയെങ്കിലും പ്രതിഷേധത്തിന് അയവ് വന്നിട്ടില്ല. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ ആരംഭിച്ച സമരത്തിനു രാഷ്ട്രീയ പാർട്ടികളുടെയടക്കം വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.
ഞായറാഴ്ച രാത്രിയും തിങ്കളാഴ്ചയുമായി സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് വനിത നേതാക്കളും സാമൂഹിക, പരിസ്ഥിതി പ്രവർത്തകരും മൂന്നാറിലെത്തിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.