കൊച്ചി: കേരള വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി) കമ്പനിയാക്കിയപ്പോൾ രൂപവത്കരിച്ച പെൻഷൻ ഫണ്ടിലേക്ക് (മാസ്റ്റർ ട്രസ്റ്റ്) അനുവദിക്കുന്ന തുകയും വൈദ്യുതിനിരക്ക് നിർണയത്തിന് പരിഗണിക്കണമെന്ന 2021ലെ താരിഫ് റെഗുലേഷനിലെ വ്യവസ്ഥ ഹൈകോടതി റദ്ദാക്കി. ഇങ്ങനെ അനുവദിക്കുന്ന തുക വൈദ്യുതി ഉൽപാദന ചെലവിനോടൊപ്പം ചേർത്ത് നടപ്പിൽ വരുത്തിയ വ്യവസ്ഥയാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ റദ്ദാക്കിയത്.
പെൻഷൻ ഫണ്ടിലേക്ക് നൽകുന്ന പ്രധാന തുകയും പലിശയും താരിഫ് നിർണയത്തിന് കണക്കാക്കിയാൽ ഉപഭോക്താക്കൾക്ക് വലിയ ബാധ്യതയുണ്ടാകുമെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്. താരിഫ് നിരക്ക് വർധനക്കെതിരെ കേരള ഹൈ ടെൻഷൻ ആന്‍ഡ് എക്സ്ട്രാ ഹൈടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2013ൽ കെ.എസ്.ഇ.ബി കമ്പനിയാക്കിയപ്പോഴാണ് മാസ്റ്റർ ട്രസ്റ്റ് എന്ന പേരിൽ പെൻഷൻ ഫണ്ടിന് രൂപം നൽകിയത്. ഇതിലേക്ക് ബോണ്ടായി അനുവദിക്കുന്ന തുകയുടെ പലിശ മാത്രമേ വൈദ്യുതി ഉൽപാദന ചെലവിനോടൊപ്പം കണക്കാക്കാവൂ എന്നായിരുന്നു അന്നത്തെ ധാരണ. പെൻഷൻ ഫണ്ടിലേക്ക് ഓരോ വർഷവും 407.2 കോടിയാണ് അനുവദിക്കുന്നത്. 2014ലും 2018ലും വൈദ്യുതി റെഗുലേറ്ററി കമീഷൻ ഈ ധാരണ പാലിച്ചു. ഇക്കാലയളവിൽ മാസ്റ്റർ ട്രസ്റ്റിലേക്ക് പോകുന്ന പ്രധാന തുകയുടെ ബാധ്യത സർക്കാറിനായിരുന്നു. 2021ലെ കരട് റെഗുലേഷനിലും പ്രധാന തുകയുടെ പലിശ മാത്രമേ താരിഫ് നിർണയത്തിന് കണക്കാക്കാവൂവെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, മാസ്റ്റർ ട്രസ്റ്റിലേക്ക് അനുവദിക്കുന്ന പ്രധാന തുകയും അതിന്റെ പലിശയും താരിഫ് നിർണയത്തിന് കണക്കാക്കുന്ന 34(4) വ്യവസ്ഥ ഉൾപ്പെടുത്തിയാണ് അന്തിമ റെഗുലേഷൻ പുറപ്പെടുവിച്ചത്.
പ്രധാന തുക താരിഫ് നിർണയത്തിന് കണക്കാക്കണമെന്ന് കെ.എസ്.ഇ.ബിപോലും ആവശ്യമുന്നയിക്കാതിരിക്കെയാണ് ഈ നടപടിയെന്ന് കോടതി പറഞ്ഞു. 2003ലെ വൈദ്യുതിനിയമം, ചട്ടം എന്നിവ പാലിക്കാതെയാണ് ഈ വ്യവസ്ഥ ഉൾപ്പെടുത്തിയത്. കരട് റെഗുലേഷനിൽ ഇല്ലാത്ത വ്യവസ്ഥ ഉൾപ്പെടുത്തുമ്പോൾ നിയമപ്രകാരമുള്ള നടപടികൾ പാലിക്കാൻ റെഗുലേറ്ററി കമീഷൻ ബാധ്യസ്ഥമാണ്. ഈ മാറ്റം പരസ്യപ്പെടുത്തി എതിർപ്പുകളും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ചശേഷം വേണമായിരുന്നു അന്തിമ തീരുമാനമെടുക്കേണ്ടത്. ഇക്കാര്യങ്ങളൊന്നും നടപ്പായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് 34(4) വ്യവസ്ഥ കോടതി റദ്ദാക്കിയത്.
എന്നാൽ, വോൾട്ടേജ് അടിസ്ഥാനത്തിലുള്ള വിതരണച്ചെലവ് കണക്കാക്കി താരിഫ് നിശ്ചയിക്കണമെന്നതടക്കം ആവശ്യങ്ങൾ ഇലക്ട്രിസിറ്റി അപ്പലറ്റ് ട്രൈബ്യൂണലിന്റെ പരിഗണനയിലാണെന്ന് വിലയിരുത്തിയ സിംഗിൾ ബെഞ്ച്, ഇതുസംബന്ധിച്ച ഹരജിക്കാരുടെ ആവശ്യത്തിൽ ഇടപെട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.