കൊച്ചി: പെൻഷൻ കിട്ടി ജീവിക്കാമെന്ന് ഇനിയാരും വിചാരിക്കേണ്ടെന്ന് ഹൈകോടതി. സർവിസിലുള്ളവർ പെൻഷനുപകരം മറ്റ് മാർഗം നോക്കുന്നതാണ് നല്ലതെന്നും പരിഹാസ രൂപേണ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങിയതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയായിരുന്നു വാക്കാൽ പരാമർശം. നവംബർ, ഡിസംബർ മാസത്തിലെ പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് നൽകിയ കോടതിയലക്ഷ്യ ഹരജിയാണ് കോടതി പരിഗണിച്ചത്. സർക്കാർ അഭിഭാഷകൻ ഹാജരാകാതിരുന്നതിനാൽ ഹരജി ഡിസംബർ 20ന് പരിഗണിക്കാൻ മാറ്റി.
പെൻഷൻ നൽകാൻ കൺസോർട്യം രൂപവത്കരിക്കുമെന്ന സർക്കാർ ഉറപ്പിന്മേൽ തുടർനടപടി ഉണ്ടായില്ലെന്നും കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചപ്പോഴും സർക്കാർ അഭിഭാഷകൻ ഹാജരായിരുന്നില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടി. കൺസോർട്യം രൂപവത്കരിക്കലല്ല, പെൻഷൻ ലഭിക്കലാണ് വിഷയമെന്ന് കോടതി വ്യക്തമാക്കി. കെ.എസ്.ആർ.ടി.സി പെൻഷൻ എല്ലാ മാസവും ആദ്യ ആഴ്ച വിതരണം ചെയ്യണമെന്ന ഉത്തരവിനെതിരായ സർക്കാറിന്‍റെ റിവിഷൻ പെറ്റീഷനും കോടതിയുടെ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.