പാലക്കാട്: കൊല്ലം ജില്ലയിലെ പുറ്റിങ്ങല്‍ അപകടത്തിന്‍െറ വെളിച്ചത്തില്‍ വെട്ടിക്കെട്ടിന് ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനക്കെതിരെ പൂരാഘോഷ കമ്മിറ്റികള്‍ രംഗത്തുവന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ഊരാക്കുടുക്കിലായി. ഉത്സവ കമ്മിറ്റികളില്‍നിന്ന് തെളിവെടുപ്പ് നടത്തി പ്രശ്നത്തില്‍നിന്ന് തലയൂരാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം. പെട്രോളിയം ആന്‍ഡ് എക്സ്പ്ളോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍െറ ചുമതലയുള്ള കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ഇതിനായി ഉന്നത ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്കയച്ചു.
വെടിക്കെട്ടുമായി ബന്ധപ്പെട്ട് കേന്ദ്ര വാണിജ്യ ജോയന്‍റ് സെക്രട്ടറി ശൈലേന്ദ്ര സിങ്ങിന്‍െറ നേതൃത്വത്തിലുള്ള സംഘം പാലക്കാട്ട് നടത്തിയ തെളിവെടുപ്പില്‍ ശക്തമായ ജനരോഷമാണ് നേരിടേണ്ടിവന്നത്. എറണാകുളം ഡെപ്യൂട്ടി ചീഫ് കണ്‍ട്രോള്‍ ഓഫ് എക്സ്പ്ളോസീവ്സ് പുറത്തിറക്കിയ വിവാദ സര്‍ക്കുലറാണ് പൂരാഘോഷ സംഘാടകരെ രോഷാകുലരാക്കിയത്. വള്ളുവനാടന്‍ ഗ്രാമങ്ങളില്‍ ഉത്സവസീസണായതോടെ വെടിക്കെട്ടിനുള്ള കര്‍ശന നിയന്ത്രണം വൈകാരിക പ്രശ്നമായി വളര്‍ന്നിട്ടുണ്ട്.
സര്‍ക്കുലറിന്‍െറ വെളിച്ചത്തില്‍ രാത്രി പത്തിനും പുലര്‍ച്ചെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ളെന്ന ചട്ടം കര്‍ശനമാക്കിയിട്ടുണ്ട്. രണ്ടര സെ.മിയില്‍ കൂടുതല്‍ വലിപ്പമുള്ള പടക്കങ്ങള്‍ പൊട്ടിക്കരുത്. കുഴിമിന്നല്‍, ഗുണ്ട്, ഓലപ്പടക്കം എന്നിവ ഉപയോഗിക്കരുത്. പൂരപ്പറമ്പില്‍ സുസജ്ജമായ വെടിപ്പുര വേണം. ഒരു സമയം 15 കിലോയുടെ വെടിമരുന്ന് മാത്രമേ സൂക്ഷിക്കാനും പൊട്ടിക്കാനും പാടുള്ളു. ശബ്ദം കുറവും വെളിച്ചം കൂടുതലുമുള്ള വിധം വെടിക്കെട്ട് രീതി മാറ്റണം. നിരോധിത രാസവസ്തു അനുവദിക്കില്ല തുടങ്ങി കര്‍ശന വ്യവസ്ഥകള്‍ സര്‍ക്കുലറിലുണ്ട്.
പടക്ക നിര്‍മാതാക്കള്‍ക്കും കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്തി. പടക്ക നിര്‍മാണകേന്ദ്രത്തിന് 45 മീറ്റര്‍ ചുറ്റളവിലുള്ള സ്ഥലം ലൈസന്‍സിയുടെ സ്വന്തമായിരിക്കണം. ഓലപ്പടക്കത്തിനുപോലും നിരോധനമേര്‍പ്പെടുത്തിയാല്‍ ഉത്സവങ്ങള്‍ക്ക് വെടിക്കെട്ടുതന്നെ അസാധ്യമാവുമെന്ന് കേരള ഫെസ്റ്റിവല്‍ കോഓഡിനേഷന്‍ കമ്മിറ്റി ജന. സെക്രട്ടറി വത്സന്‍ ചമ്പക്കര പറഞ്ഞു. മിനിമം 500 കിലോ വെടിമരുന്ന് സൂക്ഷിക്കാന്‍ അനുവാദംവേണം. ആചാരത്തിന് വിരുദ്ധമായതിനാല്‍ ഫാന്‍സി വെടിക്കെട്ട് നടത്താനാവില്ല.
പാടങ്ങളില്‍ നടക്കുന്ന പൂരങ്ങളില്‍ വെടിപ്പുര നിര്‍മിക്കുക അസാധ്യമാണെന്നും സംഘാടകര്‍ പറയുന്നു. ഉത്സവ കമ്മിറ്റികളുടെ രോഷം മനസ്സിലാക്കിയ കേന്ദ്രസംഘം നിയമത്തിന്‍െറ ഉള്ളില്‍നിന്ന് പരമാവധി ഇളവുകള്‍ നല്‍കാമെന്നും തീരുമാനം ഉടന്‍ അറിയിക്കാമെന്നും ഉറപ്പുനല്‍കുകയായിരുന്നു.
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്നാട്ടിലുണ്ടായ പ്രതിഷേധത്തിന്‍െറ പശ്ചാത്തലത്തില്‍ വെടിക്കെട്ടിന് പരമാവധി ഇളവ് നല്‍കി എതിര്‍പ്പ് ഒഴിവാക്കാനാണ് കേന്ദ്ര നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.