തിരുവല്ല: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് നേരെ നാട്ടുകാരുടെ വൻ പ്രതിഷേധം. തുടർന്ന് തെളിവെടുപ്പ് പാതിവഴിയിൽ നിർത്തി പ്രതികളുമായി പൊലീസ് മടങ്ങി. പ്രതികളായ പെരിങ്ങര ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു (23), ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പിൽ പ്രമോദ് (23), തിരുവല്ല കാവുംഭാഗം വേങ്ങൽ നന്ദുഭവനിൽ നന്ദു (24), വേങ്ങൽ ആലംതുരുത്തി പാറത്തറ തുണ്ടിയിൽ വിഷ്ണുകുമാർ (അഭി -25), കാസർകോട് സ്വദേശി മൻസൂർ (22) എന്നിവർക്കുനേരെയാണ് പ്രതിഷേധം ശക്തമായത്.
ചൊവ്വാഴ്ച രാവിലെ മുതൽ പ്രദേശവാസികൾ സ്ഥലത്ത് സംഘടിച്ചിരുന്നു. ഉച്ചക്ക് 1.30ഓടെ പ്രതികളുമായി ചാത്തങ്കരിയിൽ സന്ദീപിനെ കൊലപ്പെടുത്തിയ പാടത്തെ കലുങ്കിന് സമീപം തെളിവെടുപ്പിന് എത്തിയപ്പോഴാണ് ജനങ്ങളുടെ പ്രതിഷേധമിരമ്പിയത്.
പ്രതികൾ അഞ്ചുപേരെ മൂന്നു വാഹനത്തിലായാണ് കൊണ്ടുവന്നത്. രണ്ടുപേരെ ആദ്യ വാഹനത്തിൽ നിന്നിറക്കി പൊലീസ് വിവരങ്ങൾ ആരാഞ്ഞതോടെ യുവാക്കളും പാർട്ടി പ്രവർത്തകരും ആക്രോശിച്ചുകൊണ്ട് വാഹനത്തിനടുത്തേക്ക് ഓടിയെത്തി. ഉടൻ പൊലീസ് പ്രതികളെ വേഗത്തിൽ വാഹനത്തിൽ കയറ്റി. ഇതോടെ വാഹനത്തിന് മുന്നിൽ കയറി തടയാനും ഒരുകൂട്ടർ ശ്രമിച്ചു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ തള്ളിനീക്കി പ്രതികളുമായി പോകുകയായിരുന്നു.
പിന്നീട് കുറ്റപ്പുഴയിലെ ലോഡ്ജിലും ഒളിവിൽ കഴിഞ്ഞ ആലപ്പുഴ കരുവാറ്റയിലെ വീട്ടിലും തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.