പെരിന്തൽമണ്ണ: 2016ൽ തുടക്കമിട്ട ജനകീയ ഭവന പദ്ധതിയിലൂടെ ആയിരം വീടുകൾ പൂർത്തീകരിച്ചതിന്റെ മികവുമായി പീപ്പിൾസ് ഫൗണ്ടേഷൻ. അടുത്ത നാലു വർഷത്തിനകം 500 പുതിയ വീടുകൾ പൂർത്തിയാക്കി കൈമാറാനുള്ള പദ്ധതി പ്രഖ്യാപനം ഞായറാഴ്ച വൈകീട്ട് നാലിന് പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെന്ററിൽ നടത്തും. ‘ആകാശം മേൽക്കൂരയായവർക്ക് സ്നേഹത്തിന്റെ കൂടൊരുക്കാം’ തലക്കെട്ടിൽ 2016 ലാണ് ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ പീപ്പിൾസ് ഹോം പദ്ധതിയുടെ ആരംഭം. 1500 വീടുകളാണ് ലക്ഷ്യമിട്ടത്. ഇതിൽ ശേഷിക്കുന്ന 500 വീടുകളാണിനി ലക്ഷ്യമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ദരിദ്ര കുടുംബങ്ങൾ, വിധവകൾ, അനാഥർ, മാരക രോഗങ്ങളുടെ ചികിത്സക്ക് വേണ്ടി വീടും കിടപ്പാടവുമടക്കം നഷ്ടപ്പെട്ടവർ, തൊഴിൽ നഷ്ടം സംഭവിച്ച് ദരിദ്രരായവർ, കടക്കെണിയിൽപ്പെട്ട് വലയുന്നവർ, പ്രവാസ ജീവിതം അവസാനിപ്പിച്ച് വെറും കൈയോടെ മടങ്ങിയവർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിൽ കഷ്ടപ്പെടുന്നവരാണ് പീപ്പിൾസ് ഹോം ഗുണഭോക്താക്കൾ. ഭൂമിയും വീടും നൽകുന്ന പദ്ധതിയിലൂടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി 35 ഓളം പീപ്പിൾസ് വില്ലേജുകൾ ഇതിനോടകം നിർമിച്ചു. വിവിധ സേവന സംരംഭങ്ങൾ, സകാത്ത് സംവിധാനങ്ങൾ, സംരംഭകർ, സുമനസ്സുകൾ തുടങ്ങിയ സാമ്പത്തിക ഉറവിടങ്ങളും വിവിധ മനുഷ്യവിഭവങ്ങളും ചേർത്താണ് ഈ ലക്ഷ്യത്തിലേക്കെത്തിച്ചത്. പീപ്പിൾസ് ഫൗണ്ടേഷൻ പത്താം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗമവും പ്രഖ്യാപനവും ഞായറാഴ്ച ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്റ് അമീർ പി. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യും.
ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ മഞ്ഞളാംകുഴി അലി, പി. അബ്ദുൽ ഹമീദ്, പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർമാൻ പി. ഷാജി, പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് എ.കെ. മുസ്തഫ, കിംസ് അൽഷിഫ ഹോസ്പിറ്റല്‍ വൈസ് ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി. ഉണ്ണീൻ, മലപ്പുറം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ.വി. അൻവർ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് ചമയം ബാപ്പു, സഫ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ സലാം മേലാറ്റൂർ എന്നിവര്‍ പങ്കെടുക്കും. പ്രശസ്ത ഗായിക സിദ്റത്തുൽ മുൻതഹ പ്രത്യേക അതിഥിയായി പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ്, എക്സിക്യൂട്ടീവ് ഡയറക്ടർ ഹമീദ് സാലിം, സംഘാടക സമിതി കൺവീനർ എ.ടി. ശറഫുദ്ധീൻ, പ്രോജക്ട് ഡയറക്ടർ ഇസ്മയിൽ, ഏരിയ പി.ആർ സെക്രട്ടറി ഉമ്മർ, പി.ടി. അബൂബക്കർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.