കൊച്ചി: നട്ടെല്ലിന് ക്ഷതമേറ്റും മറ്റും ചലനശേഷി നഷ്ടപ്പെട്ടവരെ പ്രതീക്ഷകളുടെ ഉയരത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള പീപിൾസ് ഫൗണ്ടേഷന്റെ ‘ഉയരെ’ പാരാപ്ലീജിയ പുനരധിവാസ പദ്ധതിക്ക് പ്രൗഢോജ്ജ്വല തുടക്കം. എറണാകുളം ടൗൺഹാളിൽ പദ്ധതിപ്രഖ്യാപന സമ്മേളനം ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പദ്ധതിപ്രഖ്യാപനം നടത്തി.
അസമത്വത്തിനെതിരെ കൂട്ടായ ശബ്ദം ഉയരണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നഗരത്തിലൂടെ നടക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ വീൽചെയറിൽ സഞ്ചരിക്കാൻ എത്രത്തോളം ബുദ്ധിമുട്ടായിരിക്കും. നാടും നഗരവും ഭൂരിപക്ഷത്തിന് മാത്രമാകുന്നതാണ് വലിയ അസമത്വമെന്ന് അദ്ദേഹം പറഞ്ഞു.
വ്യത്യസ്തരായ ആളുകൾക്ക് പ്രതീക്ഷയുടെ ചിറകൊരുക്കുകയാണ് പദ്ധതിയെന്ന് പി. മുജീബ് റഹ്മാൻ വ്യക്തമാക്കി. വേഗതയുള്ളവരും ഇല്ലാത്തവരും ഒരുപോലെ ഓടിയെത്തുമ്പോഴാണ് സമൂഹത്തിന്റെ വികാസമുണ്ടാകുന്നത്. എല്ലാവർക്കും അഭിമാനബോധത്തോടെ ജീവിക്കാനുള്ള അവസരമുണ്ടാക്കുകയെന്നത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പീപിൾസ് ഫൗണ്ടേഷൻ ചെയർമാൻ പി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. സിനിമ നടി സീമ ജി. നായർ പദ്ധതിയുടെ തീം വിഡിയോ പ്രകാശനംചെയ്ത് സംസാരിച്ചു.
റിട്ട. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, എഫ്.ഡി.സി.എ ചെയർമാൻ പ്രഫ. കെ. അരവിന്ദാക്ഷൻ, ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ ജന. സെക്രട്ടറി രാജീവ് പള്ളുരുത്തി, സാഫി ചെയർമാൻ സി.എച്ച്. അബ്ദുൽ റഹീം, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ, പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ, വിങ്സ് എറണാകുളം പ്രസിഡൻറ് ഡോ. ഫെസീന ഖാദർ, പീപിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം.എ. മജീദ്, ജനറൽ സെക്രട്ടറി അയ്യൂബ് തിരൂർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ജമാൽ പാനായിക്കുളം, സിറ്റി പ്രസിഡൻറ് ജമാൽ അസ്ഹരി, സ്വാഗതസംഘം ജന. കൺവീനർ കെ.കെ. ബഷീർ എന്നിവർ സംസാരിച്ചു. ‘ഉയരെ ജീവിതത്തിലേക്ക് തിരിച്ചുവിളിക്കാം പ്രിയപ്പെട്ടവരെ’ എന്ന പേരിലുള്ള പുനരധിവാസ പദ്ധതിയിൽ 400 കുടുംബങ്ങളുടെ പുനരധിവാസവും ശാക്തീകരണവുമാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.