പെരിയ കേസ്: സി.ബി.ഐ അറസ്റ്റ് ചെയ്ത അഞ്ച് പേരുടേയും ജാമ്യാപേക്ഷ തള്ളി

കൊച്ചി: പെരിയ ഇരട്ടകൊലപാതക കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്ത അഞ്ച് പേരുടേയും ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സി.ജെ.എം കോടതിയുടേതാണ് നടപടി. സി.പി.എം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വർഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യപേക്ഷയാണ് തള്ളിയത്.

സി.ബി.ഐ അറസ്റ്റ് ചെയ്ത 5 പേരടക്കം 24 പേരാണ് കേസിലെ പ്രതികൾ. പ്രതികള്‍ രാഷ്ട്രീയ ബന്ധമുള്ളവരായതിനാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് ശരിവെച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. വിധിക്കെതിരെ പ്രതികൾ ഹൈകോടതിയെ സമീപിക്കും എന്നാണ് അറിയുന്നത്.

ഉദുമ മുന്‍ എം.എല്‍.എയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെയും കേസിൽ പ്രതി ചേര്‍ത്തിരുന്നു. 20ാം പ്രതിയാണ് കുഞ്ഞിരാമന്‍. കസ്റ്റഡിയിൽ നിന്ന് പ്രതികളെ രക്ഷിച്ചതാണ് കുഞ്ഞിരാമനെതിരായ കേസ്.

കൊലപാതകം, ഗൂഢാലോചന നിയമവിരുദ്ധമായി സംഘം ചേരല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ചു മുറിവേല്‍പ്പിക്കല്‍ തെളിവ് നശിപ്പിക്കല്‍, പ്രതികള്‍ക്കു സംരക്ഷണം നല്‍കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സി.പി.എം മുന്‍ പേരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി.

2019 ഫെബ്രുവരി 17 നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സി.പി.എം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - Periya case: CBI rejects bail pleas of five arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.