തൃശൂർ: കേരളത്തിൽ നാടകങ്ങൾക്ക് സ്ഥിരം വേദികൾ ഒരുക്കുമെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനാലാമത് അന്താരാഷ്ട്ര നാടകോത്സവം ‘ഇറ്റ്ഫോക് 2024’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തോപ്പിൽ ഭാസിയുടെ പേരിൽ കായംകുളത്ത് നാടകത്തിനായി സ്ഥിരം വേദി നിർമാണം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
വരും വർഷത്തിൽ അന്താരാഷ്ട്ര ഫോക് ലോർ ഫെസ്റ്റ് നടത്തണമെന്നാണ് സർക്കാർ ആഗ്രഹം. ലോകത്തിന് മുന്നിലേക്ക് കേരള കലാരൂപങ്ങളെ എത്തിക്കുകയാണ് ലക്ഷ്യം. എത്ര പ്രയാസവും സാമ്പത്തിക പ്രതിസന്ധിയും നേരിട്ടാലും നാടകോത്സവം മുടക്കില്ല എന്നതാണ് സർക്കാർ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സാംസ്കാരിക മേഖലയിൽ ഏറ്റവുമധികം ഊർജം പകരുന്ന കലാ സംഗമമാണ് ഇറ്റ്ഫോക്കെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.
ഫെസ്റ്റിവൽ ബുക്ക്, ഫെസ്റ്റിവൽ ബുള്ളറ്റിൻ, ബാഗ് എന്നിവ മന്ത്രി സജി ചെറിയാൻ പ്രകാശനം ചെയ്തു. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഫെസ്റ്റിവൽ ബുക്കും സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ ഫെസ്റ്റിവൽ ബുള്ളറ്റിനും ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത് ഫെസ്റ്റിവൽ ബാഗും ഏറ്റുവാങ്ങി. മുഖ്യാതിഥിയായ നടി രോഹിണിയിൽ നിന്ന് ഫെസ്റ്റിവൽ ടീ ഷർട്ട് സംഗീത നാടക അക്കാദമി വൈസ് ചെയർപേഴ്സൻ പി.ആർ. പുഷ്പവതി ഏറ്റുവാങ്ങി. പാലസ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി അധ്യക്ഷത വഹിച്ചു.
മിനി ആന്റണി, എൻ. മായ, ഫെസ്റ്റിവൽ ഡയറക്ടർ ബി. അനന്തകൃഷ്ണൻ, നാടക പ്രവർത്തകൻ എം.കെ. റൈന, ഫോക്ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ, ലളിതകല അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, പി.ആർ. പുഷ്പവതി തുടങ്ങിയവർ സംസാരിച്ചു. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സ്വാഗതവും എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ടി.ആർ. അജയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.