ശബരിമല: ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിലെ അരവണ പ്രസാദ വിതരണം നിർത്തിവെച്ചതോടെ ദേവസ്വം ബോർഡിന് ഉണ്ടാവുന്നത് കോടികളുടെ നഷ്ടം. അരവണ നിർമ്മാണത്തിന് ഉപയോഗിച്ച ഏലക്കയിൽ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് വിതരണം നിർത്തിവെച്ചതോടെ ആറ് ലക്ഷത്തോളം ടിൻ അരവണയാണ് ഉപയോഗ ശൂന്യമായി മാറിയത്. ഇതിന്റെ നഷ്ടം ആറ് കോടിയോളം വരും.
അരവണ വിതരണത്തിലെ പ്രതിസന്ധി നേരിടുന്നതിനായി ദേവസ്വം ബോർഡ് ഏലയ്ക്ക ഒഴിവാക്കിയുള്ള അരവണ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. പ്രതിദിനം 2,40,000 ടിൻ അരവണ നിർമ്മിക്കുവാനുള്ള ശേഷിയാണ് പ്ലാന്റിന് ഉള്ളത്. വിതരണം നിർത്തിവച്ചതോടെ വ്യാഴാഴ്ച വൈകീട്ട് മലയിറങ്ങിയ തീർത്ഥാടകർ അരവണ പ്രസാദം വാങ്ങാൻ കഴിയാതെയാണ് മടങ്ങിയത്.
പ്രതിദിന ഉൽപാദനം 2,40,000 ആണെന്നിരിക്കെ വരും ദിവസങ്ങളിൽ ശബരിമലയിൽ എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ആവശ്യമായ അരവണ വിതരണം ചെയ്യുവാൻ ബോർഡിന് സാധിക്കില്ല. ഇതുകൂടി കണക്കിലെടുത്താൽ അരവണ വിതരണത്തിലൂടെ ലഭിക്കേണ്ടിയിരുന്ന കോടികളുടെ വരുമാനമാണ് ബോർഡിന് നഷ്ടമാവുക.
ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് അരവണ നിർമാണവും വിതരണവും നിർത്തിവച്ചത്. മകരവിളക്ക് ദിനത്തിൽ അടക്കം സന്നിധാനത്ത് എത്തുന്ന തീർത്ഥാടകരിൽ ബഹുഭൂരിപക്ഷത്തിനും അരവണ പ്രസാദം ലഭിക്കാതെ മലയിറങ്ങേണ്ടിവരും.
അരവണ നിർമ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കയിൽ അനുവദനീയമായ അളവിലും കൂടുതലായി കീടനാശിനിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതൽ അരവണ വിതരണം നിർത്തിവെച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കൊച്ചിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് അരവണ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഏലക്കയിൽ 14 ഇനം കീടനാശിനികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.