കൊച്ചി: വൈദ്യുതി ഡ്യൂട്ടി സർക്കാറിലേക്ക് കെ.എസ്.ഇ.ബി നേരിട്ട് അടക്കാനുള്ള ഉത്തരവ് പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ വിഹിതം കൈമാറ്റ പദ്ധതി പാടെ ഇല്ലാതാക്കുന്നതാണെന്നാരോപിച്ച് ഹൈകോടതിയിൽ ഹരജി. മാസ്റ്റർ ട്രസ്റ്റ് പെൻഷൻ ഫണ്ടിലേക്കുള്ള സർക്കാർ-കെ.എസ്.ഇ.ബി വിഹിതം സംബന്ധിച്ച കൈമാറ്റ പദ്ധതിയിലെ 6(9) വ്യവസ്ഥകൾ പൂർണമായും ഒഴിവാക്കുന്നതാണ് സർക്കാർ ഉത്തരവെന്നാരോപിച്ച് കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മയാണ് ഹരജി നൽകിയത്. കേരള വൈദ്യുതി ബോർഡ് (കെ.എസ്.ഇ.ബി) കമ്പനിയാക്കിയപ്പോൾ ജീവനക്കാരുടെ പെൻഷനടക്കം നൽകാൻ രൂപവത്കരിച്ചതാണ് പെൻഷൻ ഫണ്ട് (മാസ്റ്റർ ട്രസ്റ്റ്).
കമ്പനി ആയതുമുതൽ പത്തുവർഷത്തേക്ക് പെൻഷൻ ഫണ്ടിലേക്ക് നൽകാനുള്ള വിഹിതമെന്ന നിലയിൽ 2023 ഒക്ടോബർ 31 വരെ കെ.എസ്.ഇ.ബിക്കാണ് ഇലക്ട്രിസിറ്റി ഡ്യൂട്ടി അനുവദിച്ചിരുന്നത്. നവംബർ ഒന്നുമുതൽ ഇത് സർക്കാറിലേക്ക് നേരിട്ട് അടക്കാൻ നവംബർ ഒന്നിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഈ ഉത്തരവാണ് ഹരജിക്കാർ ചോദ്യംചെയ്തത്.
പെൻഷൻ പദ്ധതിയിലേക്കുള്ള വിഹിതം സംബന്ധിച്ച കൈമാറ്റ പദ്ധതിയിലെ വ്യവസ്ഥകൾ അപ്പാടെ ഒഴിവാക്കിയത് നിയമവിരുദ്ധവും മാസ്റ്റർ ട്രസ്റ്റിന്റെ പ്രവർത്തനം സ്തംഭിക്കാൻ ഇടവരുത്തുന്നതുമാണെന്ന് ഹരജിയിൽ പറയുന്നു. സർക്കാറും കെ.എസ്.ഇ.ബിയും സംഘടനകളും തമ്മിലുണ്ടാക്കിയിട്ടുള്ള ത്രികക്ഷി കരാറിനെ ദുർബലപ്പെടുത്തുന്ന ഉത്തരവാണിത്.
ത്രികക്ഷി കരാർ പാലിച്ച് സംസ്ഥാന സർക്കാറും കെ.എസ്.ഇ.ബിയും മാസ്റ്റർ ട്രസ്റ്റിൽ പെൻഷൻ ഫണ്ട് വിഹിതം നിക്ഷേപിക്കാത്തതിനെതിരെയും അധിക ബാധ്യതക്കുള്ള സർക്കാർ വിഹിതമായി ഇലക്ട്രിസിറ്റി ഡ്യൂട്ടി ഉപയോഗിക്കാൻ കെ.എസ്.ഇ.ബിക്ക് നൽകിയിട്ടുള്ള അനുമതി ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടും നേരത്തേ ഹരജി നൽകിയിരുന്നു. ഈ ഹരജിയിലെ ഉത്തരവ് പ്രകാരമുള്ള നടപടികൾ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലിരിക്കെ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് കോടതി വിധിയുടെ അന്തസ്സത്തക്ക് എതിരാണെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.