തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി നിയമന വിവാദത്തിൽ നിർണായക രേഖയുമായി സംസ്ഥാന സർക്കാർ രംഗത്ത്. വി.സി നിയമനത്തിൽ സർക്കാറിന് പേര് നിർദേശിക്കാനുണ്ടോ എന്ന് ചോദിച്ചുള്ള ഗവർണറുടെ സെക്രട്ടറിയുടെ കത്താണ് സർക്കാർ ചൊവ്വാഴ്ച ലോകായുക്തയിൽ ഹാജരാക്കിയത്. നവംബർ 22ന് ഗവർണറുടെ സെക്രട്ടറി ഡോ. ദേവേന്ദ്ര കുമാറിന്റെ കത്തിന് പിന്നാലെയാണ് വൈസ് ചാൻസലർ പദവിയിലേക്ക് ഗോപിനാഥ് രവീന്ദ്രന്റെ പേര് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു ശിപാർശ ചെയ്തതെന്ന് സർക്കാർ അവകാശപ്പെട്ടു.
മന്ത്രി സ്വമേധയാ കത്തെഴുതിയതല്ലെന്നും ഗവർണർ നിർദേശിച്ചതുകൊണ്ട് മാത്രമാണ് ശിപാർശ നൽകിയതെന്നും സർക്കാർ ലോകായുക്തയെ ബോധ്യപ്പെടുത്തി. ഹരജിയിൽ ഫെബ്രുവരി നാലിന് വിധി പറയും. സെർച്ച് കമ്മിറ്റി റദ്ദാക്കണമെന്നും കണ്ണൂർ സർവകലാശാല വി.സിയായി ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകണമെന്നുമുള്ള മന്ത്രിയുടെ ശിപാർശ അധികാര ദുർവിനിയോഗമാണെന്നായിരുന്നു ഹരജിക്കാരനായ രമേശ് ചെന്നിത്തലയുടെ പരാതി. വി.സി നിയമനത്തിൽ മന്ത്രി നിർദേശം വെക്കുക മാത്രമല്ലേ ചെയ്തതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. എ.ജിയുടെ ഉപദേശം അനുസരിച്ചാണ് മന്ത്രി പുനർനിയമനം ആവശ്യപ്പെട്ടത്. നിയമനം എന്ത് നേട്ടമാണ് മന്ത്രിക്കുണ്ടാക്കിയതെന്നും ലോകായുക്ത ചോദിച്ചു.
മന്ത്രിയെന്ന നിലയിൽ ഡോ. ബിന്ദു ശിപാർശയോ നിർദേശമോ സമർപ്പിക്കാൻ പാടില്ലെന്നും മന്ത്രി കാണിച്ചത് സ്വജന പക്ഷപാതമെന്നും രമേശ് ചെന്നിത്തലക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം പറഞ്ഞു. മന്ത്രി എന്ത് ആവശ്യപ്പെട്ടാലും ചാൻസലറായ ഗവർണർ നിയമമനുസരിച്ചല്ലേ പ്രവർത്തിക്കാവൂവെന്ന് ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ചോദിച്ചു. മന്ത്രി പ്രൊപ്പോസൽ നൽകിയെങ്കിൽ നിയമനാധികാരിയായ ചാൻസലർ എന്തുകൊണ്ട് നിരസിച്ചില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു.
ചാൻസലർക്കെതിരെ ആരോപണമില്ലെന്നും മന്ത്രി പദവി ദുരുപയോഗം ചെയ്തെന്നും പക്ഷപാതം കാണിച്ചെന്നുമാണ് പരാതിയെന്നും ജോർജ് പൂന്തോട്ടം വാദിച്ചു. എന്നാൽ, ബിന്ദു മന്ത്രി പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിനും വൈസ് ചാൻസലറിൽനിന്ന് മന്ത്രിക്ക് എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചതിന്റെയും തെളിവ് സമർപ്പിച്ചിട്ടില്ലെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. ചാൻസലറും വൈസ് ചാൻസലും തമ്മിലുള്ള ആശയവിനിമയം മാത്രമേ നടന്നിട്ടുള്ളൂവെന്ന് സർക്കാറിനും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും വേണ്ടി ഹാജരായ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ടി.എ. ഷാജി വാദിച്ചു.
വി.സിയുടെ പുനർനിയമനത്തിൽ അന്വേഷണം ആവശ്യമുണ്ടോ എന്നത് വെള്ളിയാഴ്ച തീരുമാനിക്കും. ലോകായുക്ത ഭേദഗതി ഓർഡിനൻസ് അതിനകം പ്രാബല്യത്തിൽ വരുമോയെന്ന് തമാശ രൂപേണ ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് ചോദിച്ചു. തനിക്ക് അതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ ടി.എ. ഷാജിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.