ആന്‍റണി രാജു പ്രതിയായ കേസ്: സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ മുഖ്യമന്ത്രിക്ക് അപേക്ഷ

കൊച്ചി: മന്ത്രി ആന്‍റണി രാജു പ്രതിയായ മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് അപേക്ഷ. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ എസ്.കെ. രഞ്ജു ഭാസ്‌കറിനെ സ്പെഷൽ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളമാണ് അപേക്ഷ നൽകിയത്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിൽ വിചാരണ അനന്തമായി നീളുന്നത് തടയണമെന്ന ജോർജ് വട്ടുകുളത്തിന്‍റെ ഹരജി ബുധനാഴ്ച ഹൈകോടതി പരിഗണിക്കാനിരിക്കുകയാണ്.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് അടിവസ്ത്രത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി പിടിയിലായ ആസ്ട്രേലിയൻ പൗരനെ സെഷൻസ് കോടതി ശിക്ഷിച്ചെങ്കിലും അപ്പീൽ ഹരജിയിൽ ഹൈകോടതി വെറുതെവിട്ടിരുന്നു. തൊണ്ടിമുതലായി ഹാജരാക്കിയ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന് കണ്ടെത്തിയാണ് 1991 ഫെബ്രുവരി അഞ്ചിലെ വിധിയിലൂടെ വെറുതെവിട്ടത്.

ഇതിന് ശേഷം ആസ്ട്രേലിയയിലേക്ക് മടങ്ങിയ പ്രതി അവിടെ കൊലപാതകക്കേസിൽ അറസ്റ്റിലായി. ആസ്ട്രേലിയൻ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇന്ത്യയിൽ വെച്ച് കോടതി ജീവനക്കാർക്ക് കൈക്കൂലി നൽകിയാണ് മയക്കുമരുന്ന് കേസിൽനിന്ന് രക്ഷപ്പെട്ടതെന്ന് ഇയാൾ വെളിപ്പെടുത്തുകയായിരുന്നു. ഇവിടെ നടത്തിയ അന്വേഷണത്തിൽ സംഭവം ശരിയാണെന്ന് കണ്ടെത്തുകയും കേസെടുക്കുകയുമായിരുന്നു. ആന്റണി രാജുവും കോടതിയിലെ തൊണ്ടി ക്ലർക്കായ ജോസും പ്രതിയായ കേസിൽ 16 വർഷം മുമ്പ് കുറ്റപത്രം നൽകിയെങ്കിലും ഇതുവരെ വിചാരണ നടപടികൾ തുടങ്ങിയിട്ടില്ല.

Tags:    
News Summary - Petition to Chief Minister to Appoint Special Prosecutor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.