കൊച്ചി: പെട്രോൾ, ഡീസൽ വിലയിൽനിന്ന് ആശ്വാസം കണ്ടെത്താൻ ഇലക്ട്രിക്, സി.എൻ.ജി വാഹനങ്ങളിലേക്ക് കൂടുമാറുന്നവരുടെ എണ്ണം വർധിക്കുന്നു. ഈ വർഷം ഇതുവരെ മാത്രം സംസ്ഥാനത്ത് അരലക്ഷത്തിലേറെ വൈദ്യുതി വാഹനങ്ങളും (ഇ.വി) 11,000 സി.എൻ.ജി വാഹനങ്ങളുമാണ് നിരത്തിലിറങ്ങിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ കുറവുമുണ്ട്. 50,362 ഇ.വികളും 11,000 സി.എൻ.ജി വാഹനങ്ങളും 2023 ജനുവരി മുതൽ ഈമാസം വരെ രജിസ്റ്റർ ചെയ്തതായി മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 3,71,503 പെട്രോൾ വാഹനങ്ങളും 36,487 ഡീസൽ വാഹനങ്ങളുമുൾപ്പെടെ 2023ൽ ആകെ 4,99,235 രജിസ്ട്രേഷനാണ് നടന്നത്.
2022ൽ സംസ്ഥാനത്ത് ആകെ രജിസ്റ്റർ ചെയ്ത 7,83,900 വാഹനങ്ങളിൽ ഇലക്ട്രിക് വാഹനങ്ങൾ 39,617 എണ്ണമാണ്, സി.എൻ.ജി 9855 എണ്ണവും. 6,61,602 പെട്രോൾ വണ്ടികളും 56,024 ഡീസൽ വണ്ടികളും സ്വന്തമാക്കി. 2021ലാണ് ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്ട്രേഷനിൽ വർധന തുടങ്ങിയത്. 8725 ഇ.വികൾ നിരത്തിലിറങ്ങിയപ്പോൾ സി.എൻ.ജികളുടെ എണ്ണം 2804 ആയിരുന്നു. 2019ൽ ആകെ 40 സി.എൻ.ജി വാഹനങ്ങളാണ് കേരളത്തിലുള്ളവർ വാങ്ങിയത്. വൈദ്യുതി വാഹനങ്ങൾ 474 എണ്ണവും. 9,14,334 വാഹനങ്ങളാണ് 2019ൽ കേരളത്തിൽ രജിസ്റ്റർ ചെയ്തത്.
സംസ്ഥാനത്ത് ആകെ 1,69,45,456 വാഹന രജിസ്ട്രേഷനുകളാണ് നടന്നിട്ടുള്ളത്. ഇതിൽ 24,194 സി.എൻ.ജി വാഹനങ്ങളും 1,03,501 ഇലക്ട്രിക് വാഹനങ്ങളും ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.