മൂന്നാർ: പെട്ടിമുടിയുടെ മലമുകളില്‍നിന്ന് ഇരച്ചെത്തിയ ഉരുൾ പോയവഴിയെ ഇന്നൊരു നീര്ച്ചാല് ഒഴുകുന്നുണ്ട്. കണ്ണുനീരുറഞ്ഞ് ചേര്‍ന്ന ദുരന്തഭൂമിയിലിന്ന് ആകെയുള്ളത് നിശ്ശബ്ദതമാത്രം. ഉള്ളുലക്കുന്ന ഉറ്റവരുടെ ഓര്‍മകളുമായി ദുരന്തത്തെ അതിജീവിച്ചവര്‍ ഇടക്കിടെ ഇവിടെയെത്തി വിതുമ്പലടക്കി മടങ്ങാറുണ്ട്. ഉരുൾ കൊണ്ടുപോയ ലയങ്ങൾ നിന്നിടത്തെല്ലാം കല്ലും മണ്ണും നിറഞ്ഞ് കാടുപിടിച്ച് തുടങ്ങിയിട്ടുണ്ട്. മണ്ണിനടിയിലായ വാഹനങ്ങളുടെയും ലയങ്ങളുടെയും അവശിഷ്ടങ്ങൾ എല്ലാറ്റിനും മൂകസാക്ഷിയായി ദുരന്തഭൂമിയില്തന്നെ കിടക്കുന്നു. കുരുന്നുകള്‍ അടക്കിപ്പിടിച്ചിരുന്ന കളിപ്പാവകളും ചിതറിക്കിടപ്പുണ്ട്. ഒരു വര്‍ഷം മുമ്പിവിടെ കുറച്ച് മനുഷ്യര്‍ സ്വപ്നങ്ങള്‍ കണ്ടുറങ്ങിയിരുന്നുവെന്ന് വിശ്വസിക്കാന്‍തന്നെ പ്രയാസം. ദുരന്തത്തിെൻറ ഒന്നാം വാർഷികദിനമായ വെള്ളിയാഴ്ച പ്രാർഥനകൾക്കും മറ്റുമായി ബന്ധുക്കൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ കല്ലറക്കരികിലെത്തും; ആ കറുത്ത രാത്രിയുടെ ഓർമകളുമായി.
ദുരന്തത്തിൽപെട്ട കസ്തൂരി (30), മകൾ ആറ് വയസ്സുകാരി പ്രിയദർശിനി, കാർത്തിക (21), ദിനേശ്കുമാർ എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല. മണ്ണിലുറഞ്ഞുപോയ അവരുടെ ഒാർമകളുമായി ബന്ധുക്കൾ ഇപ്പോഴും ഇടക്കിടെ വന്നുപോകുന്നു. പേരക്കുട്ടി പ്രിയദർശിനിയുടെ മരണം വിശ്വസിക്കാനാവാത്ത കറുപ്പായി മുത്തശ്ശി അവൾ കളിച്ചുനടന്ന മണ്ണിന് മുകളിൽ ഭക്ഷണപ്പാത്രങ്ങൾ നിരത്തിവെച്ചിരിക്കുന്ന കാഴ്ച ഉള്ളുലക്കുന്നതാണ്. ഉറ്റവരെ കവര്‍ന്നെടുത്ത മണ്ണിനോട് ദുരന്തത്തെ അതിജീവിച്ചവരും യാത്രപറഞ്ഞുപോയി. ദുരന്ത ഭീതിയില്‍ പെട്ടിമുടി ഡിവിഷനില്‍ ഉണ്ടായിരുന്ന മറ്റ് കുടുംബങ്ങളും കമ്പനിയുടെ മറ്റ് എസ്റ്റേറ്റുകളിലേക്ക് താമസം മാറി.
പെട്ടിമുടി -ഇടമലക്കുടി റോഡിനോട് ചേർന്ന കുറച്ച് ഭാഗത്ത് മാത്രം വലിയൊരു മൺകൂനയുണ്ട്. ഇതിന് താഴെയാണ് ഇനിയും മൃതദേഹംപോലും ലഭിച്ചിട്ടില്ലാത്ത നാലുപേരുടെ ബന്ധുക്കൾ ഉദകക്രിയ ചെയ്യാൻ ഒരുക്കിയ സ്ഥലം. ഇവിടെ പൂച്ചെടികൾ െവച്ചുപിടിപ്പിച്ചും പൂക്കൾ വിതറിയും അലങ്കരിച്ചിട്ടുണ്ട്. റോഡിൽ സ്ഥാപിച്ച കൊടിമരത്തിൽ പിടിച്ച് താഴേക്ക് നോക്കി നെടുവീർപ്പിടുന്ന കുറച്ചാളുകൾ എപ്പോഴുമുണ്ട് ഇവിടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.