കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണസംഘത്തെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഉൾപ്പെടെ ആറ് മൊബൈൽ ഫോൺ തിങ്കളാഴ്ച ഹൈകോടതിയിൽ ഹാജരാക്കും.
ദിലീപിന്റെ മൂന്ന് ഫോൺ, സഹോദരൻ അനൂപിന്റെ രണ്ട്, സഹോദരീഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് ഹാജരാക്കുന്നത്. രണ്ട് ഐ ഫോൺ ഉൾപ്പെടെയാണ് ദിലീപിന്റെ മൂന്ന് ഫോണുകൾ എത്തിക്കുന്നത്.
മുംബൈയിൽ താൻ സ്വന്തം നിലക്ക് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണെന്ന് ദിലീപ് പറഞ്ഞ രണ്ട് ഫോൺ ഞായറാഴ്ച വൈകീട്ടോടെ എത്തിച്ചെന്നാണ് വിവരം. മുദ്രവെച്ച കവറിൽ തിങ്കളാഴ്ച രാവിലെ രജിസ്ട്രാർക്ക് മുന്നിൽ ഫോണുകൾ ഹാജരാക്കും. തുടർന്ന് ഏതുതരത്തിലെ ശാസ്ത്രീയ പരിശോധനക്ക് അയക്കുമെന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
പ്രതികൾ ഫോണുകൾ ഒളിപ്പിക്കാൻ ശ്രമിച്ചതാണെന്നും അതിനാൽ ഇത് നിർണായക തെളിവാണെന്നുമാണ് ക്രൈംബ്രാഞ്ച് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഫോണുകള്‍ ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ താന്‍ സ്വന്തം നിലക്ക് ശാസ്ത്രീയ പരിശോധനക്ക് അയച്ചതായാണ് ദിലീപ് ക്രൈംബ്രാഞ്ചിന് മറുപടി നല്‍കിയത്. ഇതോടെയാണ് വിഷയം കോടതിയിലെത്തിയത്.
കോടതിക്ക് കൈമാറുന്ന ആറ് ഫോണും ഫോറന്‍സിക് പരിശോധനക്ക് നല്‍കണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെടും. എന്നാല്‍, കേരളത്തില്‍ നിലവിലെ ഫോറന്‍സിക് പരിശോധനകേന്ദ്രം ക്രൈംബ്രാഞ്ചിന് കീഴിലാണെന്നും ഇവിടെ പരിശോധനക്ക് നല്കിയാല് ഫോണുകളില്‍ കൃത്രിമം നടക്കുമെന്നും ദിലീപ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്. അതിനാല്‍ കേരളത്തിന് പുറത്ത് ഐ.ടി നിയമപ്രകാരം പരസ്യപ്പെടുത്തിയിട്ടുള്ള ലാബുകളില്‍ പരിശോധനക്ക് നല്കാൻ സാധ്യതയുണ്ട്. ദിലീപിന്റെ കൈവശമുള്ള മറ്റൊരു ഫോണും ഹാജരാക്കണമെന്ന കാര്യം പ്രോസിക്യൂഷന് തിങ്കളാഴ്ച കോടതിയില്‍ ഉന്നയിക്കാനിടയുണ്ട്.
അതേസമയം, എറണാകുളം എം.ജി റോഡിലെ ഫ്ലാറ്റിൽ ദിലീപിന്റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്ന കണ്ടെത്തലുമായി ബന്ധപ്പെട്ട് ഏതാനും ചിലരുടെ മൊഴിയെടുത്തതായാണ് വിവരം. 2017 ഡിസംബറിൽ ഗൂഢാലോചന നടന്നെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.