കേരളീയരിൽ ഭൂരിഭാഗവും വികസന പദ്ധതികൾ വേണമെന്ന ആഗ്രഹക്കാർ -മുഖ്യമന്ത്രി

തിരുവനന്തപുരം: കാലത്തിനൊത്ത വികസന പദ്ധതികൾ വേണമെന്നാഗ്രഹിക്കുന്നവരാണ് നാട്ടിൽ ഭൂരിഭാഗമെന്നും പദ്ധതികളെ എതിർക്കുന്നവരുടേതാണു നാട് എന്നു കാണരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വികസനത്തിനായി ആഗ്രഹിക്കുന്നവർ ബഹളം വെച്ചും ശബ്ദകോലാഹലങ്ങളോടെയും വരുന്നില്ലായിരിക്കും. എന്നാൽ, നാടിന്റെ ഭാവിക്കായി വികസന പദ്ധതികൾ യാഥാർഥ്യമാകണമെന്നാണ് അവരുടെ ആഗ്രഹം. ഈ നിലപാട് തന്നെയാണ് സർക്കാരിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് പൂർത്തീകരിച്ച 51 റോഡുകൾ നാടിനു സമർപ്പിക്കുകയായിരുന്നു അദ്ദേഹം.

പശ്ചാത്തല വികസനത്തിൽ കാലത്തിനൊത്ത മാറ്റമുണ്ടാകണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നു ചെയ്യേണ്ട കാര്യങ്ങൾ ഇന്നുതന്നെ ചെയ്യണം. റോഡ്, ജലഗതാഗത, വ്യോമയാന, റെയിൽ സംവിധാനങ്ങൾ കാലാനുസൃതമായി നവീകരിക്കപ്പെടണം. സംസ്ഥാനത്ത് ട്രെയിൻ യാത്രയ്ക്കു മുമ്പുണ്ടായിരുന്നതിൽനിന്ന് ഇപ്പോൾ ഒട്ടും വേഗത കൂടിയിട്ടില്ല. കാസർകോട്ടുനിന്നു തിരുവനന്തപുരത്തെത്താൻ 12 - 13 മണിക്കൂർ ഇന്നും വേണം. വിലയേറിയ സമയമാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.

അതിവേഗത്തിലോടുന്ന രാജധാനി എക്സ്പ്രസിനു പോലും കേരളത്തിൽ സാധാരണ ട്രെയിനിന്റെ വേഗം മാത്രമേയുള്ളൂ. നിലവിൽ ഇവിടെയുള്ള റെയിൽവേ ലൈൻവെച്ച് വേഗത കൂട്ടാനാകില്ല. അടുത്തൊന്നും നടക്കുന്ന കാര്യവുമല്ല അത്. അതുകൊണ്ടാണു പുതിയ ലൈനിനെക്കുറിച്ച് ആലോചിക്കുന്നത്.

കെ-റെയിൽ കാര്യത്തിൽ അനുമതി നൽകേണ്ടതു കേന്ദ്രമാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ കണ്ടു. അനുകൂല പ്രതികരണമാണ് പ്രധാനമന്ത്രിയിൽനിന്നുണ്ടായത്. നാടിന് ഇത്തരം പദ്ധതികൾ ആവശ്യമാണെന്നതിനാൽ എല്ലാ രീതിയിലും അനുകൂലമായ പ്രതികരണമാണ് അദ്ദേഹത്തിൽനിന്നുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏതെങ്കിലും ചിലരുടെ എതിർപ്പുകൾകണ്ട്, തൊട്ടാൽ ആപത്താകും എന്നുപറഞ്ഞു, വികസന പദ്ധതികളിൽനിന്നു സർക്കാർ മാറിനിൽക്കില്ല. നാടിന്റെ ഭാവിക്ക് ആവശ്യമായവ നടപ്പാക്കുകയെന്നതു സർക്കാറിന്റെ ധർമമാണ്. അതിൽനിന്ന് ഒളിച്ചോടില്ല. ദേശീയപാത വികസനത്തിലും ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയിലും കൂടംകുളം വൈദ്യുതി ലൈനിന്റെ കാര്യത്തിലും സർക്കാർ ഈ നിലപാടാണ് സ്വീകരിച്ചിരുന്നത്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ദേശീയപാതകൾ അതിവിപുലമായി വികസിച്ചപ്പോൾ നമ്മുടെ നാട്ടിൽ പലയിടങ്ങളിലും അതിനു ഗ്രാമീണ റോഡുകളുടെ നിലവാരം മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു.

ഒരു മണിക്കൂർകൊണ്ട് എത്താവുന്ന സ്ഥലത്തേക്ക് മൂന്നും നാലും മണിക്കൂർ വേണ്ടിവരുമായിരുന്നു. കാലാനുസൃതമായി റോഡ് വികസനം പൂർത്തിയാക്കുന്നതിന് നടപടിയുണ്ടായില്ല. ചെയ്യേണ്ട സമയത്തു കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അതിനു പിന്നീടു കൊടുക്കേണ്ടിവരുന്ന വില വലുതാണ്.

കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പ് നല്ല രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. വലിയ തോതിലുള്ള എതിർപ്പുകൾ ആദ്യമുണ്ടായിരുന്നു. എന്നാൽ, സർക്കാർ ജനോപകാരപ്രദമായി മുന്നോട്ടുപോയപ്പോൾ എല്ലാവരും അതുമായി സഹകരിക്കാൻ തയാറായി.

പ്രതീക്ഷിക്കാത്ത തുകയാണു കിട്ടിയത്. ഒരു അതൃപ്തിയും അത്തരം ആളുകളിലില്ല. പലരും ദൃശ്യ മാധ്യമങ്ങളിലൂടെ അവരുടെ അനുഭവം നാടിനോടു പങ്കുവച്ചു. ഈ ആളുകളുടെ പേരിൽ ഈ പദ്ധതിയെ എതിർത്തവരും തടസ്സപ്പെടുത്താൻ ശ്രമിച്ചവരുമുണ്ട്. അതിനു നേതൃത്വം കൊടുത്തവർ ഏതെങ്കിലും ഒരു ഘട്ടത്തിൽ പശ്ചാത്താപത്തിന്റെ കണികയെങ്കിലും പുറപ്പെടുവിച്ചോ? അബദ്ധമായെന്നു പറയാൻ തയാറായോ? അന്നു കാണിച്ചത് അബദ്ധമായിപ്പോയെന്നു നാടിനു മുന്നിൽ തുറന്നു പറയേണ്ടതല്ലേ? ഇന്നു തലപ്പാടി മുതൽ ഹൈവേ വികസിക്കുകയാണ്. അതിലൂടെ സഞ്ചരിക്കുന്നവരുടെ മനസ്സിന് കുളിർമ പകരുന്ന കാഴ്ചയാണ് റോഡ് വികസനത്തിലുണ്ടായിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ പേരിലും വലിയ എതിർപ്പുണ്ടായിരുന്നു. അതും നടപ്പാക്കാൻ കഴിഞ്ഞു. സിറ്റി ഗ്യാസ് പദ്ധതി വഴി വീടുകളിൽ ഗ്യാസ് എത്തേണ്ട നടപടി ഇനിയും പൂർത്തിയാകേണ്ടതുണ്ട്. ഇന്നത്തെ വിലക്കയറ്റത്തിൽ വലിയ ആശ്വാസമാകുന്ന പദ്ധതിയാകും ഇത്. ഇടമൺ - കൊച്ചി പവർ ഹൈവേയുടെ കാര്യത്തിലും തുടക്കത്തിൽ ഇതായിരുന്നു സ്ഥിതി. ഒരു ഘട്ടത്തിൽ നാഷനൽ പവർ ഗ്രിഡ് കോർപ്പറേഷൻ പദ്ധതി ഉപേക്ഷിച്ചു പോയതാണ്. എന്നാൽ, സർക്കാറിന്റെ ഇടപെടലിലൂടെ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞു. ഇന്ന് ആ ലൈനിലൂടെ വൈദ്യുതി ഒഴുകുകയാണ്.

തീരദേശ, മലയോര ഹൈവേകളുടെ നിർമാണം മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. പശ്ചാത്തല സൗകര്യ വികസനം കേവലം റോഡ് നിർമാണം മാത്രമല്ല. കോവളം മുതൽ കാസർകോട് ബേക്കൽ വരെയുള്ള 600 കിലോമീറ്റൽ ജലപാതയുടെ നിർമാണം അതിവേഗത്തിൽ നടക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കെത്തുന്ന സഞ്ചാരികളുടെ കൺകുളിർക്കുന്ന കാഴ്ചയാകും ഈ പദ്ധതി.

സംസ്ഥാനത്ത് ഇപ്പോഴുള്ള നാലു വിമാനത്താവളങ്ങളിലും ധാരാളം യാത്രക്കാർ ഇപ്പോഴുണ്ട്. ചില വിമാനത്താവളങ്ങളുടെ കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ കൂടുതൽ അനുമതി ആവശ്യമായതിനാൽ വികസനത്തിനു തടസ്സം നേരിടുന്നുണ്ട്. എന്നാൽ, നാലു വിമാനത്താവളങ്ങൾ ഒരു ചെറിയ സംസ്ഥാനത്ത് അധികമാണെന്നു പറയാൻ പറ്റുമോ. അഞ്ചാമത്തേതു ശബരിമലയിൽ നിർമിക്കാനുള്ള നടപടികൾ നല്ല രീതിയിൽ മുന്നേറുന്നു. ടൂറിസ്റ്റുകൾക്കായി എയർ സ്ട്രിപ്പുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാൻ നടപടി സർക്കാർ സ്വീകരിക്കുന്നുണ്ട്.

വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതു വെറുതേയുള്ള പ്രഖ്യാപനമല്ല. ഇതിനായി ഒരു വർഷം എന്തു ചെയ്യുമെന്ന കാര്യം ഇത്തവണത്തെ ബജറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ പൂർണ പിന്തുണയോടെ ഇവ കൃത്യമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 745 പദ്ധതികളിലായി 2400 കോടിയുടെ റോഡ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. റോഡുകൾ ദീർഘകാലം നിലനിൽക്കത്തക്ക രീതിയിലുള്ള നിർമാണ പ്രക്രിയയാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച റോഡ് പദ്ധതികളിൽ സ്ഥലമേറ്റെടുപ്പ് ആവശ്യമില്ലാത്തവ അതിവേഗത്തിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ഓൺലൈനായി നടന്ന ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സ്വാഗതം പറഞ്ഞു.

Tags:    
News Summary - Pianrayi Vijayan about Developmental projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.