ടൊവിനോക്കൊപ്പമുള്ള ചിത്രം: തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് വി.എസ് സുനിൽകുമാറിനെതിരെ പരാതി

തൃശൂർ: തൃശൂരിലെ എൽ.ഡി.എഫ്. സ്ഥാനാർഥി വി.എസ് സുനിൽകുമാറിനെതിരെ തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് പരാതി. തെരഞ്ഞെടുപ്പ് കമീഷന്റെ അംബാസഡറായ നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം പ്രചരിപ്പിച്ചതിന് എൻ.ഡി.എ തൃശൂർ ജില്ലാ കോഓഡിനേറ്റർ അഡ്വ. രവികുമാര്‍ ഉപ്പത്താണ് പരാതി നൽകിയത്. ചട്ടലംഘനം നടത്തിയ സുനിൽകുമാറിനെ സ്ഥാനാർഥിയാക്കുന്നത് തടയണമെന്നാണ് ആവശ്യം.

നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം സുനിൽകുമാർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ, കേരള തെരഞ്ഞെടുപ്പ് കമീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്.വി.ഇ.ഇ.പി) അംബാസഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് ടൊവിനോ അറിയിച്ചതിന് പിന്നാലെ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ടൊവിനെ തെരഞ്ഞെടുപ്പ് കമീഷന്റെ ബ്രാൻഡ് അംബാസഡർ ആണെന്ന് അറിഞ്ഞിരുന്നില്ലെന്നായിരുന്നു സുനിൽ കുമാറിന്റെ വിശദീകരണം.

'എല്ലാ ലോക്‌സഭാ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ. ഞാൻ ​കേരള തെരഞ്ഞെടുപ്പ് കമീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ്.വി.ഇ.ഇ.പി) അംബാസഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ്. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ തെരഞ്ഞെടുപ്പ് ആശംസിക്കുന്നു’ -എന്നിങ്ങനെയായിരുന്നു ടൊവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പൂങ്കുന്നത്തെ സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽകുമാർ നടനൊപ്പം നിൽക്കുന്ന ചിത്രമുൾപ്പടെയുള്ള പോസ്റ്റ് ചെയ്തത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്‌നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു. 

Tags:    
News Summary - Picture with Tovino: Complaint against VS Sunilkumar for violation of election rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.