തിരുവനന്തപുരം: രാഷ്ട്രീയമായി എതിർചേരിയിൽ തുടരുന്നതിനിടയിലും പരസ്പരം പുകഴ്ത്തിയും വാഴ്ത്തിയും മുഖ്യമന്ത്രി പിണറായി വിജയനും ഗോവ ഗവർണർ ശ്രീധരന്‍പിള്ളയും. ശ്രീധരന്‍പിള്ളയുടെ 194ാമത് പുസ്തകമായ ‘എന്റെ പ്രിയ കഥകളു’ടെ പ്രകാശന ചടങ്ങായ എഴുത്താഴം@ 194ലായിരുന്നു ഇത്. രാഷ്ട്രീയത്തിന് പുറമെ അഭിഭാഷകന്, എഴുത്തുകാരന്, പ്രഭാഷകന്‍ തുടങ്ങി പല മേഖലകളിലും മികവ് തെളിയിച്ച ബഹുമുഖ പ്രതിഭയായ ശ്രീധരന്‍പിള്ളയെ ഏതെങ്കിലും ഒരു കള്ളിയിലേക്ക് മാത്രം ചുരുക്കാനാകില്ലെന്ന് പിണറായി പറഞ്ഞു.
ഏകാധിപതികള്‍ ചരിത്രത്തില്‍ അപ്രസക്തമാകുമെന്ന ധ്വനി ശ്രീധരന്‍പിള്ളയുടെ രചനയിലുണ്ട്. ഏകഭാഷാ വാദത്തിലേക്കും സാംസ്കാരിക ഏകതയിലേക്കും ജനങ്ങളെ ചുരുക്കാന്‍ രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് ശ്രമമുണ്ടാകുന്ന കാലത്ത് ബഹുസ്വരതയെ തകര്‍ക്കുന്ന ശ്രമങ്ങള്‍ക്കെതിരെ ഉയര്‍ത്തിക്കാട്ടാവുന്ന പുസ്തകമാണിതെന്ന് ഉദ്ഘാടകനായ പിണറായി പറഞ്ഞു.
നൂറു ശതമാനം എതിര്‍പ്പുമായി രണ്ടു ചേരികളില്‍ നില്‍ക്കുന്നവരാണെങ്കിലും തന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ പിണറായി എത്തിയത് പരസ്പര സ്നേഹംകൊണ്ടു മാത്രമെന്നാണ് ശ്രീധരന്‍പിള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞത്. അതിനെ പലതരത്തില്‍ വിമര്ശിക്കുന്നവരുണ്ടാകും. എതിര്‍പ്പിനെ മാനിക്കലാണ് ജനാധിപത്യത്തിന്റെ മർമം. അങ്ങനെയാണ് സമൂഹത്തെ കരുപ്പിടിപ്പിക്കേണ്ടത്. സംഘര്‍ഷമല്ല, സമന്വയമാണ് വേണ്ടത്. രാഷ്ട്രീയക്കാര്‍ക്കിടയില്‍ വായനയും പഠനവും നശിക്കുന്നതായും ശ്രീധരന്‍പിള്ള പറഞ്ഞു. പുസ്തകം രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് നല്കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഒ. രാജഗോപാല്‍ അധ്യക്ഷതവഹിച്ചു. കവി വി. മധുസൂദനന് നായര്‍, മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.