പിണറായി സർക്കാർ മാധ്യമസ്വാതന്ത്ര്യത്തെ കൊലപ്പെടുത്തുന്നു -റസാഖ് പാലേരി

തിരുവനന്തപുരം: പി.എസ്.സിക്ക് ഉദ്യോഗാർഥികൾ നൽകിയ വ്യക്തിവിവരങ്ങൾ ഡാർക്ക് വെബ്ബിൽ വിൽപ്പനക്ക് വെക്കപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ 'മാധ്യമം' ലേഖകൻ അനിരു അശോകനെതിരെ കേരള പൊലീസ് നടത്തുന്ന നീക്കങ്ങൾ മാധ്യമസ്വാതന്ത്ര്യത്തെ കൊലപ്പെടുത്തുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി പറഞ്ഞു. 

ഉദ്യോഗാർഥികളുടെ വ്യക്തി വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ട പി.എസ്.സി അതിൽ കാണിച്ച വീഴ്ച കൊണ്ടാണ് ഡാർക്ക് വെബ്സൈറ്റുകളിൽ ഈ വിവരങ്ങൾ എത്തിച്ചേർന്നത്. ഇതിന് പിന്നിൽ ആരാണ് എന്നാണ് യഥാർഥത്തിൽ സർക്കാർ അന്വേഷിക്കേണ്ടിയിരുന്നത്. എന്നാൽ ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെയും മാധ്യമ സ്ഥാപനത്തെയും പ്രതിസ്ഥാനത്ത് നിർത്തി ആക്രമിക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. ഗുരുതരമായ തെറ്റ് മറച്ചുവെക്കുന്നതിനും ഇത്തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും തടയുന്നതിനുമാണ് ഈ നീക്കം സർക്കാർ നടത്തുന്നത്.

മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് തങ്ങൾ എന്നാണ് ഇടതുപക്ഷത്തിൻ്റെയും സി.പി.എമ്മിൻ്റെയും അവകാശവാദം. എന്നാൽ സത്യസന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തകനെ പൊലീസിനെ ഉപയോഗിച്ച് വേട്ടയാടാനാണ് ഇടതു സർക്കാർ ശ്രമിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഏത് കള്ളിയിലാണ് ഇത് ഉൾപ്പെടുകയെന്ന് സി.പി.എം വിശദീകരിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് നിലനിൽക്കുന്ന സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരുന്നതിനുവേണ്ടി സി.പി.എമ്മും സർക്കാറും നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. ധീരമായ മാധ്യമപ്രവർത്തനത്തിലൂടെ ഈ വിവരം പുറത്തുകൊണ്ടുവന്ന അനിരു അശോകൻ എന്ന മാധ്യമപ്രവർത്തകനോട് ഐക്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Pinarayi government is killing freedom of press - Razak Paleri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.