തിരുവനന്തപുരം: തെക്കേ ഇന്ത്യയിൽ ഒരിടത്തും ബി.ജെ.പിയില്ലാത്ത ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടകയിലെ ബി.ജെ.പിയുടെ തോൽവി രാജ്യതാത്പര്യങ്ങൾക്ക് ഏതിരായ നിലപാടുകൾക്കുളള വിധിയെഴുത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർക്കാറിന്റെ രണ്ടാം വാർഷിക പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രധാനമന്ത്രി കർണാടകയിൽ എത്തിയത് പത്ത് ദിവസമാണ്. കർണാടകയിലെ എല്ലാ പ്രധാനപ്പെട്ട ഇടങ്ങളിലും പൊതുസമ്മേളനത്തിൽ പങ്കെടുക്കുകയും അര ഡസൻ റോഡ് ഷോ സംഘടിപ്പിക്കുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. ബിജെപി തോൽവിയുമായി പൊരുത്തപ്പെട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലും സംഭവിച്ചത്. കോൺഗ്രസ് പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് പോകണം, ഇനിയെങ്കിലും ജാഗ്രത കാണിക്കണമെന്നും പിണറായി പറഞ്ഞു.
കോൺഗ്രസ് കുറേക്കാലം ഒറ്റക്ക് രാജ്യം ഭരിച്ചതാണ്. ഇനി അതിനാകില്ലെന്ന് എല്ലാവർക്കും അറിയാം. ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഇതര രാഷ്ട്രീയ പാർട്ടികളാണ് അധികാരത്തിലുള്ളത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുക എന്നതാവണം ലക്ഷ്യം. അതിനായിരിക്കണം കോൺഗ്രസും തയ്യാറാവേണ്ടത്.
രാജ്യമാകെ ബിജെപിയുടെ പതനം ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ രക്ഷയ്ക്കും ഭാവി സുരക്ഷാമാക്കുന്നതിനും അത് ആവശ്യമാണ്. അത് മുന്നിൽകണ്ട് ഓരോ സംസ്ഥാനങ്ങളിൽ നിന്നും ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിക്കണം. അതിന് നല്ല ശ്രമങ്ങളാണ് നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. അത്തരം ശ്രമങ്ങൾക്കെല്ലാം കൂടുതൽ ഊർജ്ജം പകരുന്ന ജനവിധിയാണ് കർണാടകയിലേത്. ഇത് രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.