തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുത്ത നിയമസഭ അംഗങ്ങളുടെയും മന്ത്രി സഭയുടെയും സത്യപ്രതിജ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 50000ത്തിലേറെ പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തിൽ പരമാവധി 500ഓളം പേരാണ് പങ്കെടുക്കുകയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
''സത്യപ്രതിജ്ഞ ജനങ്ങളുടെ മധ്യത്തിൽ ആഘോഷത്തിമിർപ്പിലാണ് നടക്കേണ്ടത്. അതാണ് ജനാധിപത്യത്തിലെ കീഴ്വഴക്കം. പക്ഷേ നിർഭാഗ്യവശാൽ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ജനമധ്യത്തിൽ നടത്താനാകില്ല. അതുകൊണ്ടാണ് പരിമിതമായ തോതിൽ നടത്താൻ തീരുമാനിക്കുന്നത്.
50000ത്തിലേറെ പേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയത്തിൽ പരമാവധി 500ഓളം പേർ പങ്കെടുക്കും. കഴിഞ്ഞ സർക്കാർ 40000ത്തിലധികം പേരുടെ സാന്നിധ്യത്തിൽ നടത്തിയ പരിപാടിയാണ് പ്രത്യേക സാഹചര്യത്തിൽ ചുരുക്കുന്നത്. 500 എന്നത് ഇത്തരം സാഹചര്യത്തിൽ വലിയ സംഖ്യയല്ല. 140 നിയമസഭ സാമാജികരും 20 എം.പിമാരുമുണ്ട്. ലെജിസ്േലറ്റർ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയിൽ നിന്നുള്ളവരും പങ്കെടുക്കും. ജനാധിപത്യത്തെ മാനിക്കുന്ന ഒരാൾക്കും ഇവ മൂന്നിനെയും അവഗണിക്കാനാവില്ല.
അനിവാര്യമായ ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും അറിയാനും ജനങ്ങൾക്ക് സഫലമാകുന്നത് മാധ്യമങ്ങളിലൂടെയാണ്. എങ്കിലും മാധ്യമപ്രവർത്തകരുടെ പങ്കാളിത്തം ക്രമീകരിക്കും. മൂന്നുകോടിയോളം ജനങ്ങളെ പ്രതിനിധീകരിക്കുന്ന ചടങ്ങിൽ ഇത് അധികമല്ല. മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കാതെ യഥാർഥ വസ്തുത മനസ്സിലാക്കണം.
സ്റ്റേഡിയം ആയതുകൊണ്ട് ജനസമുദ്രം എന്ന് കരുതേണ്ട. തുറസായ സ്ഥലമാണ് നല്ലതെന്ന് കരുതിയാണ് സ്റ്റേഡിയം തെരഞ്ഞെടുത്തത്. വായുസഞ്ചാരവും ലഭിക്കും'' -മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.