തിരുവനന്തപുരം: ചികിത്സപ്പിഴവ് മുതൽ ലിഫ്റ്റിലെ ഊരാക്കുടുക്കുവരെ നീളുന്ന ആവർത്തിക്കുന്ന പിഴവുകളിൽ കടുത്ത പ്രതിരോധത്തിലാണ് ആരോഗ്യവകുപ്പ്. ഓരോ സംഭവങ്ങളിലും റിപ്പോർട്ട് തേടലും ഉന്നതതല യോഗങ്ങളും മുറപോലെ നടക്കുന്നുണ്ടെങ്കിലും പഴി കേൾപ്പിക്കുന്ന പിഴവുകൾക്ക് അറുതിയില്ല. ഇതിൽ ഏറ്റവും ഒടുവിലത്തേതാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് ദിവസം രോഗി ലിഫ്റ്റിൽ കുടുങ്ങിയത്. മരണത്തെ മുഖാമുഖം കണ്ട തിരുമല സ്വദേശി രക്ഷപ്പെട്ടത് തലനാരിഴക്കാണ്. മുഖം രക്ഷിക്കാൻ സസ്പെൻഷനുണ്ടാകുമെങ്കിലും പ്രശ്നത്തിന്റെ കാരണം പരിഹരിക്കാൻ നടപടിയില്ല.
എറണാകുളത്ത് നിന്ന് വൃക്കയെത്തിച്ചെങ്കിലും ഏകോപനമില്ലാതെ ശസ്ത്രക്രിയ നാല് മണിക്കൂർ വൈകിയതിനെ തുടർന്ന് രോഗി മരിച്ചത് ഇതേ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 2022 ജൂണിലാണ്. വലിയ ചർച്ചകളും ബഹളങ്ങളും റിപ്പോർട്ട് തേടലുമെല്ലാം പതിയെ കെട്ടടങ്ങി.
കോഴിക്കോട് മെഡിക്കൽ കോളജ് ഐ.സി.യുവിൽ രോഗി പീഡനത്തിനിരയായ സംഭവം ഞെട്ടിക്കുന്നതാണെങ്കിൽ അമ്പരപ്പിച്ചത് അതിജീവിതക്കൊപ്പം നിന്ന നഴ്സിങ് ഓഫിസറെ സ്ഥലംമാറ്റിയ വകുപ്പുതല നടപടിയാണ്. സമരത്തിനിറങ്ങുമെന്ന് അതിജീവിത മുന്നറിയിപ്പ് നൽകുകയും സമ്മർദവും പ്രതിഷേധവും കനക്കുകയും ചെയ്തതോടെയാണ് നടപടി മരവിപ്പിക്കാൻ അധികൃതർ നിർബന്ധിതരായത്.
കൈവിരലിന് പകരം നാലുവയസ്സുകാരിയുടെ നാവിന് ശസ്ത്രക്രിയ നടന്നത് കോഴിക്കോട് മെഡിക്കൽ കോളജിൽ ഈ വർഷം മേയിലാണ്. പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം 2017ലാണ്. ഇരയായ ഹർഷിന ഇപ്പോഴും നീതിതേടി അലയുകയാണ്. മഞ്ചേരി മെഡിക്കൽ കോളജിൽ ഏഴുവയസ്സുകാരന് മൂക്കിനുപകരം വയറിൽ ശസ്ത്രക്രിയ നടത്തിയത് 2019ൽ.
കാലിൽ മുറിവേറ്റ 14കാരന് അതിന് ചികിത്സിക്കാതെ പ്ലാസ്റ്റർ ഇട്ടത് കോട്ടയം ജില്ല ആശുപത്രിയിലാണ്. മരുന്നുക്ഷാമവും കാരുണ്യ പദ്ധതിയിലെ കോടികളുടെ കുടിശ്ശികയുമടക്കം ആരോഗ്യരംഗത്തെ പരിമിതികൾക്കും പരാധീനതകൾക്കുമിടയിലാണ് ഇത്തരം കല്ലുകടികൾ. മൂന്നിടത്ത് കെ.എം.എസ്.സി.എൽ മരുന്ന് സംഭരണശാലയിൽ തീപിടിത്തമുണ്ടായി ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ജീവൻ പൊലിയുകയും കോടികളുടെ നഷ്ടമുണ്ടാവുകയും ചെയ്തിട്ടും കാരണംപോലും ഇനിയും കണ്ടെത്താനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.