കൂട്ടിക്കൽ (കോട്ടയം): കർഷകർക്ക് അനുകൂലമായ നിയമ ഭേദഗതിയിൽ ഒപ്പിടാത്ത ഗവർണറുടെ വസതിയിലേക്ക് കർഷക മാർച്ച് നടത്താനുള്ള തീരുമാനത്തിലേക്ക് എൽ.ഡി.എഫ് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ദുരിതബാധിതർക്ക് സി.പി.എം നിർമിച്ച 25 വീടിന്റെ താക്കോൽ ദാനം കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കിയടക്കം ജില്ലകളിലെ കർഷകരുടെ പ്രശ്നപരിഹാരത്തിന് നിയമസഭ നിയമം പാസാക്കിയിട്ടും ഗവർണർ ഒപ്പിടാതെ ഒഴിഞ്ഞുമാറുകയാണ്. ഗവർണറുടെ നയത്തിനെതിരെ പ്രതികരിക്കാൻ യു.ഡി.എഫും ബി.ജെ.പി.യും തയാറാകുന്നില്ല. എന്നാൽ, എൽ.ഡി.എഫ് കർഷകർക്കൊപ്പം നിൽക്കും.
ഈ നില തുടർന്നാൽ ഗവർണറുടെ വസതിയിലേക്ക് കർഷകരെ സംഘടിപ്പിച്ച് മാർച്ച് നടത്താനാണ് കഴിഞ്ഞ ദിവസം ചേർന്ന എൽ.ഡി.എഫ് യോഗം തീരുമാനിച്ചത്. എന്തിനും അതിരുകളുണ്ട്. അതിരുകൾ ലംഘിച്ചാൽ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2016ൽ എൽ.ഡി.എഫ് അധികാരത്തിൽ ഇല്ലായിരുന്നെങ്കിൽ ക്ഷേമപെൻഷൻ കുടിശ്ശികയുടെ ദൈർഘ്യം നീളുമായിരുന്നു. ക്ഷേമ പെൻഷനെതിരെ ആദ്യം രംഗത്തുവന്നത് കേന്ദ്ര ധനമന്ത്രിയായിരുന്നു. തുടർന്ന് സർക്കാറിനെ സാമ്പത്തികമായി ഞെരുക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഭവനരഹിതരില്ലാത്ത കേരളമെന്ന ലക്ഷ്യത്തിന് സർക്കാർ കൊണ്ടുവന്ന ലൈഫ് ഭവന പദ്ധതിക്ക് തുരങ്കംവെക്കാൻ ചിലർ രംഗത്തുവന്നു. മനസ്സോടിത്തിരി മണ്ണ് പദ്ധതിയും ഇവർ അട്ടിമറിക്കാൻ ശ്രമിച്ചു. കേന്ദ്ര അന്വേഷണ ഏജൻസികളെ കണ്ട് പരാതി കൊടുത്തു കുപ്രചാരണങ്ങൾ നടത്തി. എന്നാൽ, സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോയി. ഒടുവിൽ ഇത്തരക്കാർ ജാള്യതയോടെ അടങ്ങി നിന്നെങ്കിലും തുരങ്കംവെക്കാനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രയാസം അനുഭവിക്കുന്നവരുടെ കൂടെ ചേർന്നു നിൽക്കുന്നതിന്റെ മാതൃകയാണ് സി.പി.എം കൂട്ടിക്കലിൽ ചെയ്തിരിക്കുന്നത്. പാഴ് വാഗ്ദാനം നടത്തിയ ചിലരുടെ നാടുകൂടിയാണിത്. പറയുന്ന കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന പാർട്ടിയാണ് സി.പി.എം എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തേൻപുഴയിലെത്തിയ മുഖ്യമന്ത്രി ആദ്യ വീട്ടിൽ പാലുകാച്ചൽ ചടങ്ങ് നിർവഹിച്ച് ഗൃഹപ്രവേശനം നടത്തിയാണ് ഏന്തയാറിലെ സമ്മേളന സ്ഥലത്ത് എത്തിയത്.
സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി.എൻ. വാസവൻ, നേതാക്കളായ വൈക്കം വിശ്വൻ, കെ.ജെ. തോമസ്, കെ.കെ. ജയചന്ദ്രൻ, കെ. അനിൽകുമാർ, പി.കെ. ബിജു, രാജു എബ്രഹാം, കെ. രാജേഷ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, റജി സഖറിയ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.