തൃശൂർ: രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്ന മുന്നണിയല്ല ഇന്ത്യ മുന്നണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിയെ എങ്ങനെ പരാജയപ്പെടുത്തുമെന്ന് തീരുമാനിക്കേണ്ടതാണ് ഇന്ത്യ മുന്നണി. അതിന് വേണ്ടി ഉണ്ടായ കൂട്ടായ്മയാണ്. ഓരോ പാർട്ടിയും സ്ഥാനാർഥിയെ എവിടെ നിർത്തണം എന്നത് ഇന്ത്യ മുന്നണി ആലോചിക്കേണ്ട കാര്യമല്ല. രാഹുൽ ഗാന്ധിയെ പോലെ ഒരാൾ മത്സരിക്കാൻ പോകേണ്ടത് ബി.ജെ.പിക്കെതിരെ ആണോ എൽ.ഡി.എഫിനെതിരെയാണോ എന്ന് കോൺഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൃശൂരിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിന് വേണ്ടി ഇന്ത്യ മുന്നണിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ആളാണ് പിണറായി വിജയൻ എന്നാണ് വി.ഡി. സതീശൻ പറഞ്ഞത് എന്ന് മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ, വി.ഡി. സതീശന് എന്തോ പറ്റിയിട്ടുണ്ടെന്നും എന്തും വിളിച്ച് പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പിക്ക് തൃശൂരിൽ ഒരു കാര്യവും ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.ജെ.പിയുടെ വക്താവക്കൾ തൃശൂരിൽ വലിയ സംഭവം ഉണ്ടാക്കാൻ പോകുകയാണെന്ന പ്രചരണം നടത്തുന്നുണ്ടെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇത്തവണ എന്നല്ല, ഒരു ഘട്ടത്തിലും തൃശൂരിൽ അത്തരമൊരു പ്രതിനിധിയെ ഉണ്ടാക്കാൻ കഴിയില്ല. കഴിഞ്ഞ തവണ വലിയ കോപ്പ്കൂട്ടി വന്നിട്ട് എന്തായെന്നും മുഖ്യമന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.