തിരുവനന്തപുരം: മുഖ്യമന്ത്രി - പ്രതിപക്ഷ നേതാവും തമ്മിൽ അസാധാരണവും നിലതെറ്റിയതുമായ വാക്പോരാണ് നിയമസഭയിൽ അരങ്ങേറിയത്. പലതവണ എഴുന്നേറ്റ് പരസ്പരം ആരോപണം ഉന്നയിച്ചും അധിക്ഷേപിച്ചും നേതാക്കളുടെ ഏറ്റുമുട്ടൽ.
വി.ഡി സതീശൻ:
ഞാൻ നിലവാരമില്ലാത്തവനാണ് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി എന്നെക്കുറിച്ച് നല്ലൊരു വാക്കാണ് പറഞ്ഞിരുന്നതെങ്കിൽ വിഷമിച്ചുപോയേനെ. എല്ലാ ദിവസവും പ്രാർഥിക്കുന്ന ഒരു കാര്യം മുഖ്യമന്ത്രിയെപോലെ ഒരു അഴിമതിക്കാരനും നിലവാരമില്ലാത്തവനും ആകരുതെന്നാണ്. എന്റെ നിലവാരം അളക്കാൻ മുഖ്യമന്ത്രി വരേണ്ട. എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകേണ്ടയാളാണ് പാർലമെന്ററി കാര്യമന്ത്രി. ദൗർഭാഗ്യവശാൽ സ്വന്തം വകുപ്പ്പോലും ഭരിക്കാൻ ശേഷിയില്ലാത്തയാളാണ് അദ്ദേഹം. അവരൊന്നും ഞങ്ങളെ ഭരിക്കേണ്ട. ഈ സഭയിൽ എം.വി രാഘവനെ തല്ലിച്ചതച്ചിട്ടില്ലേ. അന്ന് ആരായിരുന്നു പാർലമെന്ററി പാർട്ടി ലീഡർ ?. ഈ സഭ തല്ലിപ്പൊളിച്ചപ്പോൾ പുറത്തുനിന്ന് ഒത്താശ ചെയ്തത് ആരായിരുന്നു?. കെ.കെ രമയെ അധിക്ഷേപിച്ചപ്പോൾ ആരായിരുന്നു പാർലമെന്ററി പാർട്ടി ലീഡർ.
എം.ബി രാജേഷ്:
പ്രതിപക്ഷ നേതാവിനെക്കുറിച്ച് വ്യക്തിപരമായ പരാമർശം നടത്തിയിട്ടില്ല. എന്റെ ചെലവിൽ അങ്ങനെ പറഞ്ഞുവെന്ന് വരുത്താനാണ് ശ്രമിക്കുന്നതെങ്കിൽ ഞാൻ അതിന് ഉത്തരവാദിയല്ല. ശക്തർ ആന്റ് കൗളിന് മുകളിൽ അദ്ദേഹം സ്വയം പ്രതിഷ്ഠിച്ചിരിക്കുന്നു എന്നാണ് ഞാൻ പറഞ്ഞത്. ചെയറിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയ പരാമർശങ്ങൾ അധിക്ഷേപകരമായിരുന്നില്ലെങ്കിൽ രേഖയിൽനിന്ന് നീക്കം ചെയ്യേണ്ടിവരില്ലായിരുന്നല്ലോ. അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുക വഴി അപക്വമതിയാണെന്ന് അദ്ദേഹം സ്വയം തെളിയിച്ചെന്നാണു പറഞ്ഞത്. സഭയിൽ തിരിച്ചുവന്ന് അദ്ദേഹം വീണ്ടും ചെയറിനും മുഖ്യമന്ത്രിക്കും എതിരായി അധിക്ഷേപ പരാമർശം നടത്തിയതിലൂടെ ഞാൻ പറഞ്ഞത് ശരിയാണെന്ന് വന്നിരിക്കുന്നു.
രമേശ് ചെന്നിത്തല:
ഈ സഭക്ക് ഒരു അന്തസും പാരമ്പര്യവുമുണ്ട്. അതിന് നിരക്കാത്ത കാര്യങ്ങളാണ് നടന്നത്. പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗത്തിന് മുമ്പായി ചില കാര്യങ്ങൾ പറഞ്ഞു. അത് പ്രതിപക്ഷം ഇല്ലാത്ത സമയത്ത് നീക്കം ചെയ്യുകയും പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യ മന്ത്രിയും അധിക്ഷേപിക്കുകയും ചെയ്തത് ചെയർ അപലപിക്കുകയാണ് വേണ്ടത്. പ്രതിപക്ഷത്തിന്റെ അവകാശം സംരക്ഷിക്കാൻ ചെയർ ബാധ്യസ്ഥനാണ്.
മുഖ്യമന്ത്രി:
പ്രതിപക്ഷ നേതാവ് നിലവാരമില്ലാത്ത രീതിയിലാണ് അധിക്ഷേപ വാക്കുകൾ പ്രയോഗിച്ചത്. നേരത്തെ പലഘട്ടങ്ങളിലും അദ്ദേഹം ആ നില സ്വീകരിക്കുന്നുണ്ടായിരുന്നു. എല്ലാ പരിധിയും ലംഘിച്ച് സ്പീക്കർക്കെതിരെ കടുത്ത അധിക്ഷേപവാക്ക് ചൊരിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നിലവാരമില്ലായ്മയെക്കുറിച്ച് പറയേണ്ടിവന്നു. ആ നിലവാരമില്ലായ്മ തിരിച്ചുവന്നശേഷവും വെളിവാക്കുകയായിരുന്നു. പിണറായി വിജയൻ അഴിമതിക്കാരനാണെന്ന് പറഞ്ഞാൽ ഈ സമൂഹം അംഗീകരിക്കുമെന്ന് കരുതുന്നില്ല.
വി.ഡി സതീശൻ:
എനിക്കെതിരെ ആവർത്തിച്ച് നിലവാരമില്ലായ്മയെക്കുറിച്ചു പറയുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയിൽ നോക്കിയാൽ മതി. ചെകുത്താൻ വേദമോതുന്നത് പോലെയാണ് അദ്ദേഹം അഴിമതി വിരുദ്ധ പ്രഭാഷണം നടത്തിയത്. ആരാണ് പ്രതിപക്ഷ നേതാവ് എന്ന് സ്പീക്കർ ചോദിച്ചതിനെയാണ് ചോദ്യം ചെയ്തത്. മുഖ്യമന്ത്രി പ്രതിപക്ഷത്തെ നിരന്തരം അവഹേളിക്കുകയാണ്. എത്തിപ്പെട്ട അവസ്ഥയാണ് അദ്ദേഹത്തെകൊണ്ട് ഇതു പറയിപ്പിക്കുന്നത്. കേരളത്തിലെ ജനങ്ങൾ നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ല. ചുറ്റുപാടും നിൽക്കുന്ന അവതാരങ്ങൾ പറയുന്നത് മാത്രമേ നിങ്ങൾക്ക് അറിയൂ.
മുഖ്യമന്ത്രി:
അത് മനസ്സിൽ വെച്ചാൽ മതി. അതൊന്നും എന്റടുത്ത് ഏശില്ല കെട്ടോ. കണ്ണാടിയിൽ നോക്കേണ്ടത് പ്രതിപക്ഷ നേതാവാണ്. ഞാനല്ല. ഈ നാടാകെ ഞങ്ങളെ ഉപേക്ഷിച്ചു എന്നാണല്ലോ നിങ്ങൾ കരുതുന്നത്. എന്താണ് നിങ്ങൾക്കിത്ര വെപ്രാളം?. എന്തിനാണ് അധിക്ഷേപകരമായ വാക്കുകൾ ചൊരിയുന്നത്. എന്തുകൊണ്ടാണ് ഞാൻ പറയുന്നത് കേൾക്കാൻ സൻമനസ് കാണിക്കാത്തത്. എന്തിനാ ഇവരെ (പ്രതിപക്ഷ അംഗങ്ങളെ) ഇങ്ങോട്ട് തള്ളിവിട്ടത് ?. തള്ളിവിട്ട ഘട്ടത്തിലല്ലേ സ്പീക്കർ ആരാ പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ചത്. നിങ്ങൾ സംസാരിക്കാൻ വേണ്ടി ആളുകളോട് വന്നിരിക്കാൻ പറയുന്നു. നിങ്ങളുടെ വാക്കിന് വല്ല വിലയുമുണ്ടോ?. നിങ്ങളെ അവർ അംഗീകരിക്കുന്നുണ്ടോ?. നിങ്ങൾ കാണിക്കുന്ന കാപട്യത്തിന്റെ മറ്റൊരു ഭാഗമല്ലേ അത്. സതീശനല്ല പിണറായി വിജയൻ. അത് മനസ്സിലാക്കിക്കൊള്ളണം. സതീശൻ എന്നത് കാപട്യത്തിന്റെ മൂർത്തീകരണമാണ്. അതല്ല ഞാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.