മലപ്പുറം/കോഴിക്കോട്: ഞായറാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത സുരക്ഷ ഒരുക്കി പൊലീസ്. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം മുന്നിൽകണ്ടാണ് പൊലീസ് മുമ്പെങ്ങുമില്ലാത്തവിധം കനത്ത സുരക്ഷ ഒരുക്കുന്നത്.
രാവിലെ പത്തിന് മലപ്പുറം തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിലും തുടർന്ന് പുത്തനത്താണിയിലെ ഇ.എം.എസ് സെമിനാറിലും പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. ജില്ലയിലെ ഭൂരിഭാഗം പൊലീസിനെയും മുഖ്യമന്ത്രിയുടെ സുരക്ഷക്കായി വിന്യസിച്ചിട്ടുണ്ട്. ഇതിനുപുറമേ ജില്ലക്ക് പുറത്തുനിന്നുള്ള പൊലീസും സുരക്ഷക്കായി എത്തും. എം.എസ്.പിയിൽ നിന്നും മറ്റു ബറ്റാലിയനിൽനിന്നും 200 പൊലീസുകാരെ റോഡിൽ വിന്യസിക്കും. ഇവരോട് രാവിലെ ആറോടെ കുറ്റിപ്പുറത്ത് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. അവധിക്കുപോയ പൊലീസുകാരെയും തിരിച്ചു വിളിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ ഉള്ളവർക്കല്ലാതെ അവധി നൽകിയിട്ടില്ല. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് സ്ഥലത്ത് നേരിട്ട് എത്തിയാണ് ക്രമീകരണങ്ങൾ നടത്തുന്നത്.
എടപ്പാൾ മുതൽ കുറ്റിപ്പുറം വരെ സംസ്ഥാനപാതയിലും കുറ്റിപ്പുറം മുതൽ പൊന്നാനി വരെ ദേശീയപാതയിലും ഗതാഗത നിയന്ത്രണമുണ്ടാകും. തവനൂർ സെൻട്രൽ ജയിൽ ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നവർ രാവിലെ ഒമ്പതിന് മുമ്പ് ജയിൽ കോമ്പൗണ്ടിൽ പ്രവേശിക്കണമെന്നാണ് നിർദേശം. മുഖ്യമന്ത്രി പോയശേഷം മാത്രമാണ് പൊതുജനങ്ങൾക്ക് ജയിൽ സന്ദർശിക്കാൻ അനുമതി.
ജില്ലയിലെ എട്ടോളം ഡിവൈ.എസ്.പിമാർക്ക് ഓരോ പ്രദേശത്തും ചുമതല നൽകി. തൃശൂർ റേഞ്ച് ഡി.ഐ.ജി വിമല ആദിത്യ, ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ്, തിരൂർ ഡിവൈ.എസ്.പി ബെന്നി എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി. യൂത്ത് കോൺഗ്രസിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രകടനത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പുതിയ രാഷ്ട്രീയസംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ, കോഴിക്കോട് നഗരത്തിലെത്തുന്ന മുഖ്യമന്ത്രിക്ക് പൊലീസ് കനത്ത സുരക്ഷയൊരുക്കും. വൈകീട്ട് 3.30ന് മിനി ബൈപാസിൽ കെ.പി.എം ട്രിപന്റ ഹോട്ടലിൽ 'സഖാവ് കെ. ചാത്തുണ്ണി മാസ്റ്റർ' പുസ്തകപ്രകാശനം, വൈകീട്ട് നാലിന് എരഞ്ഞിപ്പാലത്തെ ജില്ല സഹകരണ ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം 'കെ.ഡി.സി.എച്ച് -ജനനി' ഉദ്ഘാടനം, വൈകീട്ട് 5.30ന് കോഴിക്കോട് സെന്റ് ജോസഫ്സ് ദേവാലയാങ്കണത്തിൽ കോഴിക്കോട് രൂപത ശതാബ്ദി ആഘോഷ പൊതുസമ്മേളനം ഉദ്ഘാടനം എന്നിവയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടികൾ.
അഞ്ഞൂറിലേറെ പൊലീസുകാരെയാണ് വിവിധയിടങ്ങിലായി നിയോഗിച്ചത്. ജില്ലയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലെയും ഉദ്യോഗസ്ഥരോട് സുരക്ഷാ ചുമതലക്കെത്താൻ നിർദേശിച്ചിട്ടുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം ഉൾപ്പെടെ ഉണ്ടാവാനിടയുണ്ടെന്നാണ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്.
ഇത് മുൻനിർത്തി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മൂന്നുവട്ടം ചേർന്നാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ റോഡുകൾ അടക്കുകയോ ഗതാഗതം തടസ്സപ്പെടുത്തുകയോ ചെയ്യും. കടുത്ത നിയന്ത്രണങ്ങൾ എല്ലാഭാഗത്തും ഉണ്ടാവും.
നഗരത്തിലെ എല്ലാ ജങ്ഷനുകളിലും പൊലീസ് സാന്നിധ്യം ഉണ്ടാകും. മുഖ്യമന്ത്രിയുടെ പരിപാടികളുമായി ബന്ധപ്പെട്ട മൊത്തം സുരക്ഷാ ചുമതല സിറ്റി പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന ഡി.സി.പി ആമോസ് മാമനാണ്. ഓരോ റൂട്ടുകളുടെയും ചുമതല അസി. കമീഷണർമാർക്ക് വീതിച്ചുനൽകിയിട്ടുണ്ട്. ഇവരുടെ കീഴിലുള്ള ഇന്സ്പെക്ടർമാരടക്കം ഉൾപ്പെടുന്ന സംഘമാണ് റോഡിൽ നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകുക.
പ്രതിഷേധങ്ങളെ കർശനമായി നേരിടാനാണ് പൊലീസിന് ലഭിച്ച നിർദേശം. അതിനാൽ, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്ന റോഡുകളിലും പരിപാടികളിലും വിവിധതലത്തിലുള്ള പരിശോധന നടത്തും. പരിശോധനകളുണ്ടാവുന്നതിനാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിനെത്തുന്നവർ നേരത്തെയെത്തണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
കോഴിക്കോട്: ഞായറാഴ്ച മുഖ്യമന്ത്രി പങ്കെടുക്കുന്ന നഗരത്തിലെ പരിപാടികളിൽ കറുത്ത മാസ്കിന് വിലക്കെന്ന് സൂചന. വൈകീട്ട് 5.30ന് കോഴിക്കോട് സെന്റ് ജോസഫ്സ് ദേവാലയാങ്കണത്തിൽ നടക്കുന്ന കോഴിക്കോട് രൂപത ശതാബ്ദി ആഘോഷ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നവർ കറുത്ത മാസ്ക് ഒഴിവാക്കണമെന്ന് സ്ഥലത്ത് പരിശോധനക്കെത്തിയെ പൊലീസ് ഉദ്യോഗസ്ഥർ ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്.
പുതിയ രാഷ്ട്രീയസംഭവ വികാസങ്ങളുടെ പേരിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ സംഘടനകളുടെ കരിങ്കൊടി പ്രതിഷേധം ശക്തമായതിനാൽ ചടങ്ങിനെത്തുന്നവർ പരമാവധി കറുത്ത മാസ്ക് ഒഴിവാക്കണമെന്നാണ് പൊലീസ് അഭ്യർഥിച്ചത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മാധ്യമപ്രവർത്തകയുടെ അടക്കം കറുത്ത മാസ്ക് അഴിച്ചുമാറ്റാനാവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പങ്കെടുക്കുന്ന നഗരത്തിലെ മറ്റു രണ്ട് പരിപാടികളുടെയും സംഘാടകരോടും സമാന നിർദേശം പൊലീസ് നൽകിയതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.