പിണറായി വിജയൻ ഏറ്റവും സ്വേച്ഛാധിപതിയായ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി -രാമചന്ദ്രഗുഹ

കോഴിക്കോട്: രാജ്യത്തെ ഏറ്റവും സ്വേച്ഛാധിപതിയും ഏകാധിപതിയുമായ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്ന് ചരിത്രകാരനും ആക്ടിവിസ്റ്റുമായ രാമചന്ദ്രഗുഹ. മാതൃഭൂമി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണത്തിൽ ‘ഇന്ത്യ എങ്ങോട്ട്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രകാരനെന്ന നിലക്ക് ആത്മവിശ്വാസത്തോടുകൂടിയാണ് താൻ ഇക്കാര്യങ്ങൾ പറയുന്നത്. ഇ.കെ. നായനാരേക്കാളും ജ്യോതി ബസുവിനേക്കാളും മണിക് സർക്കാറിനേക്കാളും സ്വേച്ഛാധിപതിയാണ് പിണറായി വിജയൻ. ഇവരെല്ലാം മോദിയെപ്പോലെത്തന്നെയാണ്. മുണ്ടുടുത്ത മോദിയാണ് കേരള മുഖ്യമന്ത്രി. നിങ്ങൾക്ക് വ്യത്യസ്ത അഭിപ്രായം ഉണ്ടാകാം.

മമത ബാനർജി പൂർണമായും സ്വേച്ഛാധിപതിയാണ്. സാരിയുടുത്ത മോദിയാണ് മമത ബാനർജി. കെജ്രിവാൾ ബുഷ് ഷർട്ടിട്ട മോദിയാണ്. നവീൻ പട്നായിക് വെള്ള ദോത്തിയുടുത്ത മോദിയാണ് എന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നേർവഴിക്ക് നയിക്കുകയും ഇന്ത്യയെ ലോകത്തെ പ്രധാന ശക്തിയാക്കുകയും ചെയ്ത പ്രധാനപ്പെട്ട രണ്ടു നേതാക്കൾ നെഹ്റുവും പട്ടേലുമായിരുന്നു. അവർ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നവരാണ് എന്ന് കരുതുന്നവരുണ്ടാകും. അങ്ങനെയല്ല, നെഹ്റു വികാരപരമായ സമഗ്രതയാണ് ഇന്ത്യക്ക് നൽകിയതെങ്കിൽ പട്ടേൽ ഇന്ത്യക്ക് നൽകിയത് കരുത്താണ്.

മുസ്‍ലിംകളെ വില്ലൻമാരാക്കുന്ന രാഷ്ട്രീയമാണ് മോദി ഇതുവരെ പയറ്റിയതെങ്കിൽ ഇപ്പോൾ ക്രിസ്ത്യാനികളെയും ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കുകയാണ് ചെയ്യുന്നത്. പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരാക്കുന്നതുപോലെ ഇന്ത്യയിൽ മുസ്‍ലിംകളെ രണ്ടാംതരം പൗരന്മാരാക്കുന്നു. ഹിന്ദു രാഷ്ട്രമെന്നോ ഹിന്ദു പാകിസ്താനെന്നോ ഇതിനെ വിളിക്കാം. ലങ്കയിലും ഇതുതന്നെയാണ് സംഭവിച്ചത്. ബുദ്ധിസ്റ്റ് ഷോവനിസ്റ്റുകൾ അവിടത്തെ ന്യൂനപക്ഷത്തെ അടിച്ചമർത്തി ഏകാധിപത്യം സ്ഥാപിച്ചപ്പോൾ ആ രാജ്യം നാശത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ലങ്കയുടെ പാതയിൽതന്നെ ഇന്ത്യയും സഞ്ചരിക്കണോ എന്നാണ് ചിന്തിക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, സുഭാഷ് ചന്ദ്രൻ എന്നിവരും സംസാരിച്ചു.


Tags:    
News Summary - Pinarayi Vijayan is the most dictatorial Communist Chief Minister - Ramachandra Guha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.