സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സർക്കാരിെൻറ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധന പീഡനത്തെതുടർന്ന് ആത്മഹത്യ ചെയ്ത ബി.എ.എം.എസ് വിദ്യാർഥിനി വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെ (30) സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'മോട്ടോര്‍ വാഹന വകുപ്പ് കൊല്ലം റീജ്യനല്‍ ഓഫീസിലെ അസിസ്റ്റൻറ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നു കിരൺ കുമാർ.സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്ക്കാരിേൻറയും മോട്ടോര്‍ വാഹന വകുപ്പിേൻറയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(C)-യുടെ ലംഘനവും ഈ കേസിൽ നടന്നിട്ടുണ്ട്'-മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട വിവരം ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ആദ്യം പുറത്തുവിട്ടത്.സ്ത്രീധന പീഡന കേസിൽ ഒരാളെ സർക്കാർ സർവീസിൽ നിന്ന് പരിച്ചുവിടുന്നത് ഇതാദ്യമായാണ്. കിരണ്‍ കുമാറിനെ ജൂണ്‍ 22ന് അന്വേഷണ വിധേയമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർനടപടിയായാണ് ഇപ്പോൾ പിരിച്ചുവിടുന്നത്.
കിരൺകുമാറിെൻറ ജാമ്യാപേക്ഷ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. പ്രതിക്കെതിരെ സ്ത്രീധന പീഡനം, സ്ത്രീധന പീഡന മരണം എന്നീ വകുപ്പുകൾ പ്രകാരം 498 എ, 304 ബി എന്നീ വകുപ്പുകൾ പ്രകാരം കേസ് പ്രഥദൃഷ്ട്യാ തെളിവുകളുണ്ടെന്നും ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിക്ക് അന്വേഷണ ഘട്ടത്തിൽ ജാമ്യത്തിന് അവകാശമില്ലെന്നും സെഷൻസ് കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു. ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു വിസ്മയ (24). കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചതിനെ തുടർന്ന് ആയുർവേദ മെഡിക്കൽ വിദ്യാർഥിയായിരുന്ന വിസ്മയ ജീവനൊടുക്കുകയായിരുന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊല്ലം നിലമേൽ കൈതോട് കുളത്തിൻകര മേലേതിൽ പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെയും സജിതയുടെയും മകളാണ് മരിച്ച എസ്.വി. വിസ്മയ. ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ എസ്. കിരൺകുമാറുമായി വിസ്മയയുടെ വിവാഹം 2020 മേയ് 31 ന് ആയിരുന്നു. 2021 2021 ജൂണ്‍ 21നാണ് ഭർതൃവീട്ടിൽ ദുരൂഹ സാഹചര്യത്തിൽ വിസ്മയ മരിക്കുന്നത്. മകളുടെ മരണം കൊലപാതകമാണെന്ന് വിസ്മയയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.