അൻവറിന് മറുപടിയുമായി പിണറായി; സ്വർണക്കടത്തും ഹവാലയും പറയുമ്പോൾ പൊള്ളുന്നതെന്തിന് ?

കോഴിക്കോട്: പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വർണ കള്ളക്കടത്തും ഹവാലയും പറയുമ്പോൾ എന്തിനാണ് ചിലർക്ക് പൊള്ളുന്നതെന്നും വിളിച്ചുകൂവിയാൽ തീരുമാനങ്ങളെടുക്കുന്ന പാർട്ടിയല്ല സി.പി.എം എന്നും അദ്ദേഹം പറഞ്ഞു. നടക്കാൻ പാടില്ലാത്തത് നടക്കുമ്പോൾ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കരുത് എന്നാണോ? സ്വർണക്കള്ളക്കടത്തിനും ഹവാല പണത്തിനും എതിരായി പൊലീസ് ഒരു നടപടിയും സ്വീകരിക്കേണ്ട എന്ന് ഇതുമായി ബന്ധപ്പെട്ട വിമർശനമുന്നയിക്കുന്നവർ കരുതുന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സി.പി.എം ജില്ല കമ്മിറ്റി നിർമിച്ച എ.കെ.ജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തെറ്റുകൾ ഒരുതരത്തിലും അംഗീകരിക്കില്ല. അതിനാൽ, ആ കാര്യങ്ങളിൽ ആവശ്യമായ നടപടികൾ ഉണ്ടാകും. സംവിധാനങ്ങളെയാകെ തകിടംമറിക്കാനുള്ള വിമർശനങ്ങൾ എന്തിനുവേണ്ടിയാണെന്നും ആർക്കുവേണ്ടിയാണെന്നും നോക്കണം.

സി.പി.എമ്മിന് അതിന്റേതായ ഒരു സംഘടന രീതിയുണ്ട്. ആ ചട്ടക്കൂടിൽനിന്നാണ് പ്രവർത്തിക്കുന്നത്. ചില ബോധോദയത്തിന്റെ ഭാഗമായി വഴിയിൽനിന്ന് ആക്ഷേപങ്ങൾ പറഞ്ഞാൽ അതിനൊത്ത് നടപടി സ്വീകരിക്കുന്ന പാർട്ടിയല്ല സി.പി.എം എന്ന് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി മറുപടി നൽകി. പാർട്ടിയെ ഇതിലേക്ക് വലിച്ചിഴക്കാമെന്ന് ആരും കരുതേണ്ട. ഗൂഢലക്ഷ്യമുണ്ടെങ്കിൽ ആ രീതിയിൽ നോക്കുന്നതാണ് നല്ലത്. വർഗീയ അജണ്ടയുടെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമം കാണുന്നുണ്ട്. ഏത് കൂട്ടരെയാണ് തന്റെ കൂടെ കൂട്ടാൻ അൻവർ ശ്രമിക്കുന്നത്, അവർതന്നെ ആദ്യം തള്ളിപ്പറയും എന്നോർക്കുന്നത് നല്ലതാണ്. മലപ്പുറത്തിന്റെ മതേതര മനസ്സ് എല്ലാവർക്കും അറിയാവുന്നതാണ്. ഭൂരിപക്ഷ വർഗീതയും ന്യൂനപക്ഷ വർഗീതയും പരസ്പര പൂരകങ്ങളാണ്. രണ്ടിനോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പാർട്ടിക്ക്. സി.പി.എമ്മിനെ വർഗീയതയുടെ ആളുകളായി ചിത്രീകരിക്കാമെന്നത് വ്യാമോഹമാണ്.

പി.വി. അൻവർ ഉന്നയിച്ച ആരോപണത്തെ ഞങ്ങൾ തള്ളിയിട്ടില്ല. അക്കാര്യത്തിൽ പരിശോധനക്ക് പൊലീസ് മേധാവിയെ നിയോഗിച്ചിട്ടുണ്ട്. ഒരുമാസത്തിനകം അന്വേഷണം പൂർത്തിയാകും. തുടർന്ന് നടപടിയുണ്ടാകും. സർക്കാറിന് ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു..

Tags:    
News Summary - pinarayi vijayan reply to pv anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.