സംഘ്പരിവാറിന് നാവ് കടം കൊടുക്കുന്നത് വൃത്തികേടാണ് സർ -മുഖ്യമന്ത്രിയോട് എ.പി വിഭാഗം നേതാവ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറം വിരുദ്ധ പരാമർശത്തിനെതി​െര എ.പി സുന്നിവിഭാഗം വിഭാഗം യുവജനനേതാവും എസ്.എസ്.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദലി കിനാലൂർ. ആഭ്യന്തര വകുപ്പ് പ്രതിസന്ധിയിലാകുമ്പോൾ സംഘ്പരിവാറിന് നാവ് കടം കൊടുക്കുന്നത് വൃത്തികേടാണെന്നും ഒരിടതുപക്ഷ മുഖ്യമന്ത്രിക്ക് താഴാൻ (ചീയാനും) കഴിയുന്നതിന്റെ അങ്ങേയറ്റമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അൻവറിനെ പ്രതിരോധിക്കാൻ ഒടുവിലത്തെ തുറുപ്പ് ചീട്ടും ആ മനുഷ്യൻ ഇറക്കിക്കഴിഞ്ഞു. മലപ്പുറത്തെ മുൻനിർത്തി സംഘ്പരിവാരം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്‌താവനയാണ് പത്രത്തിൽ മുഖ്യമന്ത്രി പറഞ്ഞതായി അടിച്ചുവന്നത് -മുഹമ്മദലി കിനാലൂർ ഇന്നലെ എഴുതിയ ഫേസ്ബുക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഒരു പ്രദേശത്തിന്റെയും പേര് അഭിമുഖത്തിൽ മുഖ്യമന്ത്രി പറഞ്ഞില്ല, അത് പി ആർ ഏജൻസി കൂട്ടിച്ചേർത്തതാണ് എന്നത് ശരിയായിരിക്കാം. പക്ഷേ, അതിനു മുമ്പ് നടത്തിയ പത്രസമ്മേളനത്തിൽ സ്വർണക്കടത്തും ഹവാലയും വിശദീകരിക്കുമ്പോൾ മലപ്പുറത്തെ പ്രത്യേകം മെൻഷൻ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ഇന്നത്തെ കുറിപ്പിൽ വിശദീകരിച്ചു.

കുറിപ്പുകളുടെ പൂർണരൂപം:

രിടതുപക്ഷ മുഖ്യമന്ത്രിക്ക് താഴാൻ (ചീയാനും) കഴിയുന്നതിന്റെ അങ്ങേയറ്റമാണിത്. അൻവറിനെ പ്രതിരോധിക്കാൻ ഒടുവിലത്തെ തുറുപ്പ് ചീട്ടും ആ മനുഷ്യൻ ഇറക്കിക്കഴിഞ്ഞു. മലപ്പുറത്തെ മുൻനിർത്തി സംഘ്പരിവാരം കാലങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്‌താവനയാണ് പത്രത്തിൽ മുഖ്യമന്ത്രി പറഞ്ഞതായി അടിച്ചുവന്നത്.

ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ജില്ലയായി മലപ്പുറത്തെ മാറ്റിയത് ജില്ലാ പോലീസ് മേധാവി ആയിരുന്ന സുജിത് ദാസിന്റെ പോലീസാണ്. ഒരേ കേസിൽ ഒന്നിലേറെ എഫ് ഐ ആറുകൾ ഇട്ടുകൊണ്ടാണ് 'മഹത്തായ' ഈ നേട്ടത്തിലേക്ക് മലപ്പുറം ജില്ലയെ എത്തിച്ചത്. പോലീസിന്റെ ആ നടപടി ശരി തന്നെ എന്നല്ലേ മുഖ്യമന്ത്രി വരികൾക്കിടയിൽ പറഞ്ഞുവെക്കുന്നത്. കേരളത്തിൽ മലപ്പുറം ജില്ലയിൽ നിന്ന് മാത്രമാണോ സ്വർണക്കടത്തും ഹവാല പണവും പിടികൂടുന്നത്?അവിടെ മാത്രമാണോ കുറ്റകൃത്യങ്ങൾ നടക്കുന്നത്? അവിടെയെല്ലാം ഒരേ കേസിൽ വ്യത്യസ്‌ത എഫ് ഐ ആറുകൾ ഇടുന്നതാണോ രീതി? ആഭ്യന്തര വകുപ്പ് പ്രതിസന്ധിയിലാകുമ്പോൾ സംഘ്പരിവാറിന് നാവ് കടം കൊടുക്കുന്നത് വൃത്തികേടാണ് സർ. പോലീസിലെ സംഘ്പരിവാർവൽക്കരണം ആരുടെ ആശിർവാദത്തോടെയാണ് എന്ന് ഇങ്ങനെ വെളിപ്പെടുത്തരുത്. എല്ലാത്തിനും ഒരു ഒളിയും മറയുമൊക്കെ നല്ലതാണ്.

താൻ തന്നെ അവതരിപ്പിച്ച ട്രൗസർ കത്തിക്കൽ കഥ പൊട്ടിപ്പാളീസായതിന്റെ ജാള്യം മറയ്ക്കാനാകണം മുഖ്യമന്ത്രി സ്വന്തം ചന്തിക്ക് തന്നെ ഇപ്പോൾ വെടിവെക്കുന്നത്. അദ്ദേഹം ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്ന ഉത്തരങ്ങൾ ബാക്കിയാക്കുന്ന ചോദ്യങ്ങൾ ഇതാണ്.

-മലപ്പുറത്ത് നിന്ന് പിടികൂടുന്ന ഹവാല പണവും സ്വർണവും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നാണെങ്കിൽ അതിന്റെ പേരിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് എത്ര കേസ് രജിസ്റ്റർ ചെയ്‌തു?

-സ്വർണവും പണവും ആർക്ക് വേണ്ടി കൊണ്ടുവരുന്നു എന്നതിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തിയിട്ടുണ്ടോ? ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ?

-പിടികൂടുന്ന സ്വർണം പൂർണമായും സർക്കാരിലേക്ക് എത്തുന്നില്ല എന്ന് തെളിവ് സഹിതം അൻവർ ആരോപണം ഉന്നയിച്ചിട്ട് ദിവസങ്ങളായി. ആഭ്യന്തര വകുപ്പ് എന്ത് നടപടി സ്വീകരിച്ചു?

-സ്വർണം പൊട്ടിക്കലിൽ അജിത് കുമാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ട് എന്ന് ഒരു നിയമസഭാഅംഗം പരസ്യമായി ആരോപണം ഉന്നയിച്ചിട്ട്, സിറ്റിംഗ് ജഡ്‌ജിയെ കൊണ്ട് അന്വേഷിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ട് സർക്കാർ അനങ്ങാത്തത് എന്താണ്? സർക്കാർ ആരെയാണ് ഭയക്കുന്നത്, ആരെയാണ് സഹായിക്കുന്നത്? സ്വർണക്കടത്ത് ഹവാല സംഘങ്ങളുമായി അൻവറിനു ബന്ധം ഉണ്ട് എന്നാണെങ്കിൽ അതുകൂടി അന്വേഷണ പരിധിയിൽ പെടുത്തി ജുഡീഷ്യൽ അന്വേഷണത്തിന് സർക്കാർ തയ്യാറാകുമോ?

-കുഴൽപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടന്നു എന്ന് സംശയിക്കുന്ന കൊലപാതക കേസുകളിൽ ഒരെണ്ണമെങ്കിലും തെളിയിക്കാൻ പൊലീസിന് കഴിഞ്ഞോ?

-മറുനാടൻ യൂട്യൂബർ ഷാജൻ സ്‌കറിയ ഒളിച്ചിരിക്കുന്ന സ്ഥലം ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടും അയാളെ പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? ആരാണ് അയാൾക്ക് രക്ഷാകവചമൊരുക്കിയത്?

-സർക്കാരിന്റെ മടിയിൽ കനമില്ല എന്നാണെങ്കിൽ സ്വർണക്കടത്ത് കേസിൽ ഉണ്ടായ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വതന്ത്ര അന്വേഷണത്തിന് സർക്കാർ സന്നദ്ധമാവുകയല്ലേ ചെയ്യേണ്ടത്?

-എ ഡി ജി പി അജിത് കുമാർ ആർ എസ് എസ് നേതാക്കളുമായി ഒന്നര വർഷം മുമ്പ് നടത്തിയ കൂടിക്കാഴ്‌ച ആ സമയത്ത് തന്നെ മുഖ്യമന്ത്രിയെ ഇന്റലിജൻസ് അറിയിച്ചിട്ടും എന്തുകൊണ്ട് നടപടി ഉണ്ടായില്ല. അത് തെറ്റായ നടപടി ആണെന്ന് സി പി ഐ മുതൽ ഡി വൈ എഫ് ഐ വരെ പറഞ്ഞിട്ടും മുഖ്യമന്ത്രി ഇപ്പോഴും അയാൾക്ക് സുരക്ഷയൊരുക്കുന്നത് എന്തുകൊണ്ട്? അയാളെ എന്തുകൊണ്ട് ചുമതലയിൽ നിന്ന് നീക്കുന്നില്ല.

മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിലെ അഭിമുഖം അൻവറിന്റെ ആരോപണങ്ങളെ ശരിവെക്കുന്നു. മലപ്പുറത്തെ മുൻനിർത്തി മറ്റൊരു ധ്രുവീകരണത്തിനാണ് ബഹു.മുഖ്യമന്ത്രി ശ്രമിക്കുന്നത്. മലപ്പുറം ദേശവിരുദ്ധ പ്രവർത്തനങ്ങളുടെയും മുസ്‌ലിം തീവ്രവാദത്തിന്റെയും കേന്ദ്രമാണ് എന്ന് മുഖ്യമന്ത്രി നേർക്കുനേർ പറഞ്ഞില്ല എന്നേയുള്ളൂ. പറയാതെ പറഞ്ഞതിൽ അതുണ്ട്. ആർ എസ് എസ് ബന്ധം എ ഡി ജി പിയെ ചുമക്കുന്നതിൽ മാത്രമല്ല എന്ന് സംശയിക്കേണ്ടി വരുന്ന സാഹചര്യം. ആർ എസ് എസ് ബന്ധത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കരിപ്പൂരിലെ സ്വർണക്കടത്ത് ഏതായാലും ഒരു ഉത്തരമല്ല.

-------------------

ദ് ഹിന്ദു പത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുമായുള്ള അഭിമുഖത്തിലെ ചില പരാമർശങ്ങൾ അദ്ദേഹം പറഞ്ഞതല്ലെന്ന് അദ്ദേഹത്തിന് വേണ്ടി പ്രസ് സെക്രട്ടറി പി എം മനോജ് പത്രാധിപർക്ക് കത്തയച്ചു. ഏതെങ്കിലും പ്രദേശത്തെ പ്രത്യേകമായി മെൻഷൻ ചെയ്തിട്ടില്ല. anti state, anti national activities എന്നീ പ്രയോഗങ്ങൾ നടത്തിയിട്ടില്ല എന്നാണ് പ്രസ് സെക്രട്ടറിയുടെ കത്തിലുള്ളത്.

ഇക്കാര്യത്തിൽ ഹിന്ദുവിന്റെ വിശദീകരണവും വന്നിട്ടുണ്ട്. കൈസൺ എന്ന ദേശീയ പി ആർ ഏജൻസിയാണ് മുഖ്യന്ത്രിയുടെ അഭിമുഖ ആവശ്യവുമായി ഹിന്ദു പത്രത്തെ സമീപിച്ചത്. ഇതേ പി ആർ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഹിന്ദു ലേഖിക ശോഭന കെ നായർ മുഖ്യമന്ത്രിയുടെ അഭിമുഖമെടുക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഇതേ പി ആർ ഏജൻസി എഴുതിനൽകിയത് പ്രകാരമാണ് അഭിമുഖത്തിൽ ചേർത്തത് എന്നാണ് ഹിന്ദു പത്രം വിശദീകരിക്കുന്നത്.

ഹിന്ദുവിന്റെ വിശദീകരണം പുതിയ വിവാദത്തിന് കാരണമാവുകയാണ് ചെയ്തത്. കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയാണ്. പി ആർ ഏജൻസിയെ ഇതിന് ചുമതലപ്പെടുത്തിയത് ആരാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ അങ്ങനെയൊരു നീക്കത്തിന് പി ആർ ഏജൻസി തയ്യാറാകുമോ? സാധാരണ പി ആർ ഏജൻസികൾ ഇത്തരം കാര്യങ്ങൾക്ക് പണം വാങ്ങിക്കാറുണ്ട്. ഇതിൽ സാമ്പത്തിക ഇടപാട് നടന്നോ? അങ്ങനെയെങ്കിൽ ആര് പണം നൽകി? മുഖ്യമന്ത്രി ഒരു പത്രവുമായി സംസാരിക്കുമ്പോൾ അവിടെ എന്തിനാണ് പി ആർ ഏജൻസി പ്രതിനിധികളുടെ സാന്നിധ്യം? സംസ്ഥാന സർക്കാരിന് സ്വന്തമായി ഒരു പി ആർ സംവിധാനവും മുഖ്യമന്ത്രിക്ക് വേണ്ടി പ്രസ്സ് സെക്രട്ടറിയും മാധ്യമ ഉപദേഷ്ടാവും ഉണ്ടായിരിക്കെ എന്തിനാണ് പി ആർ ഏജൻസിയെ ഉപയോഗിക്കുന്നത്? 

Tags:    
News Summary - SYS Leader Muhammadali Kinalur against Pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.