സര്‍വകലാശാല സിൻഡിക്കേറ്റുകള്‍ കടമ നിര്‍വഹിക്കണം: മുഖ്യമന്ത്രി

കോഴിക്കോട്​: സര്‍വകലാശാലകളെ അക്കാദമിക് മികവിലേക്ക് നയിക്കാന്‍ സിൻഡിക്കേറ്റുകള്‍ നേതൃത്വപരമായ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ത്തുക എന്നതാണ് സിൻഡിക്കേറ്റ് അംഗങ്ങളില്‍ അര്‍പ്പിതമായ കടമ. എന്നാല്‍ ഈ ചുമതല ശരിയായി നിര്‍വഹിക്കപ്പെടുന്നില്ല. വിദ്യാഭ്യാസ രംഗത്ത് നല്ല പുരോഗതി നേടിയ സംസ്ഥാനമാണ് കേരളം. സര്‍ക്കാരിന്‍റെ ഇടപെടലിന്‍റെ ഫലമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം പൊതുവിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങളുണ്ടായി. എന്നാല്‍ സര്‍വകലാശാലകളുടെ നിലവാരം ഉയര്‍ന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി വിളിച്ചുചേര്‍ത്ത സിൻഡിക്കേറ്റ് അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍മരാഹിത്യവും അനാസ്ഥയും സിൻഡിക്കേറ്റുകളുടെ പ്രവര്‍ത്തനത്തില്‍ കാണുന്നുണ്ട്. അതിനൊരു ന്യായീകരണവുമില്ല. പരീക്ഷ നടത്തിപ്പ്, മൂല്യനിര്‍ണയം, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ ഉദ്യോഗസ്ഥരുടെ മാത്രം ചുമതലയാണെന്ന മട്ടില്‍ സിൻഡിക്കേറ്റുകള്‍ക്ക് മാറിനില്‍ക്കാന്‍ കഴിയില്ല. പരീക്ഷകളും ഫലപ്രഖ്യാപനവും അനന്തമായി നീണ്ടാല്‍ വിദ്യാര്‍ഥികളുടെ അക്കാദമിക് ഭാവിയാണ് നഷ്ടപ്പെടുക.

വിദ്യാര്‍ത്ഥികളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സിൻഡിക്കേറ്റുകള്‍ ശ്രദ്ധിക്കണം. അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുകയും അതു കൃത്യമായി നടപ്പാക്കുകുയം വേണം. സര്‍വകലാശാലകളെ മികവിലേക്ക് നയിക്കുന്നതിന് നൂതനമായ പദ്ധതികള്‍ വേണം. കോഴ്സുകള്‍ കാലാനുസൃതമായി പരിഷ്കരിക്കണം. നിലവാരം നോക്കി വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്ന സ്ഥിതിയാണുളളത്. എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ഥികള്‍ ഇങ്ങോട്ടു വരുന്നില്ല?  ദേശീയ തലത്തില്‍ ആദ്യത്തെ പത്തില്‍ ഇല്ലെങ്കിലും ആദ്യത്തെ ഇരുപത്തിയഞ്ചിലെങ്കിലും സ്ഥാനം പിടിക്കാന്‍ നമ്മുടെ സര്‍വകലാശാലകള്‍ക്ക് കഴിയണം. ആ നേട്ടം കൈവരിക്കാന്‍ കഴിയുന്ന മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണം. നിലവാരം ഉയര്‍ത്തുന്ന കാര്യത്തില്‍ സര്‍വകലാശാലകള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ടാകണം. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും കാര്യക്ഷമമായും വേഗത്തിലും പൂര്‍ത്തിയാക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണം. എന്നാല്‍ പരീക്ഷകളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്താതെ ഇതു ചെയ്യണം. മറ്റു സര്‍വകലാശാലകളുടെ കോഴ്സിന് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഒരുപാട് താമസം നേരിടുന്നുണ്ട്. വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമാണിത്. 

ഗവേഷണം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ശ്രദ്ധ വേണം. ഗവേഷണം നടത്തുന്ന അധ്യാപകരെ പ്രോത്സാഹിപ്പിക്കണം. ഗവേഷണത്തിന് തടസ്സം നില്‍ക്കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കും. രാജ്യത്തെയും പുറത്തെയും മികച്ച ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ആലോചിക്കണം. വ്യവസായ-സാങ്കേതിക രംഗത്തെ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണ പദ്ധതികള്‍ ഏറ്റെടുക്കണം. സമൂഹത്തിന് പ്രയോജനപ്പെടുന്ന കണ്‍സള്‍ട്ടന്‍സി നല്‍കണം. പുതിയ ആശയങ്ങള്‍ പ്രാത്സാഹിപ്പിക്കണം. അവ കൈമാറാനും പദ്ധതി വേണം. ഇന്നവേഷന്‍ ക്ലബ്ബുകള്‍ രൂപീകരിക്കണം. പാറ്റന്‍റ് ലഭ്യമാക്കിക്കൊടുക്കന്നതിന് സഹായിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങണം. പരമ്പരാഗത രീതി വിട്ട് ചിന്തിക്കുക എന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിൻഡിക്കേറ്റ് പ്രതിനിധികള്‍ ഓരോ സര്‍വകലാശാലയിലെയും പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിക്ക് മുമ്പില്‍ അവതരിപ്പിച്ചു. 

തൈക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, വനം മന്ത്രി കെ. രാജു, ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 

Tags:    
News Summary - Pinarayi Vijayan slams University Syndicate - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.