തിരുവനന്തപുരം: ഇന്‍റർനെറ്റും സമൂഹമാധ്യമങ്ങളും വാർത്തകളുടെ പ്രളയമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും സത്യവും അസത്യവും വേർതിരിച്ചറിയാൻ വായനക്കാർ ഏറെ വിഷമിക്കുന്ന സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ആശയക്കുഴപ്പങ്ങൾ ഇല്ലാതാക്കാൻ പരമ്പരാഗത മാധ്യമങ്ങൾ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുൻകാലങ്ങളിൽ മാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ പൂർണമായും ജനങ്ങൾ അംഗീകരിക്കുകയും വിശ്വാസ്യത നേടുകയും ചെയ്തിരുന്നു. ഇപ്പോൾ അതിൽ കുറവുവരുന്നില്ലേയെന്ന് മാധ്യമപ്രവർത്തകരും മാധ്യമങ്ങളും സ്വയം വിലയിരുത്തണം. പല മാധ്യമങ്ങളുടെയും നിലപാടുകളെ സ്വാധീനിക്കുന്നത് മൂലധന താൽപര്യങ്ങളും അതിനെ സംരക്ഷിക്കുന്ന രാഷ്ട്രീയ താൽപര്യങ്ങളുമാണ്. ഈ യാഥാർഥ്യം ജനം കൂടുതൽ തിരിച്ചറിയുന്നു. ഇതോടെ മാധ്യമങ്ങളുടെ വിശ്വാസ്യത തകരുകയാണ്. മാധ്യമപ്രവർത്തകർക്കും മോധാവികൾക്കും രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവരുമായി ബന്ധമുണ്ടാകും. എന്നാൽ അത് രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ള ഗൂഢാലോചനകളിലേക്കെത്താൻ പാടില്ല.
മാധ്യമങ്ങളെ വിലക്കിയും മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയും ഇന്ത്യക്ക് ജനാധിപത്യ റിപ്പബ്ലിക്കായി തുടരാനാവില്ല. മൂലധനശക്തികളുടെ ഇടപെടലുകളുടെയും അമിതാധികാര പ്രവണതകളുടെയും സമ്മർദത്തിൽ ഒതുങ്ങിപ്പോകേണ്ടവരല്ല മാധ്യമപ്രവർത്തകരെന്നും അതുക്കുംമേലെ നിൽക്കുന്നവരാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: അർഹരായ മുഴുവൻ മാധ്യമപ്രവർത്തകരെയും ജീവനക്കാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്രപ്രവർത്തകർക്കുള്ള ആരോഗ്യ ഇൻഷുറൻസിലെ സർക്കാർ വിഹിതം 25 ലക്ഷത്തിൽനിന്ന് 50 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.