ന്യൂനപക്ഷങ്ങളെ സര്‍ക്കാറിനെതിരെ തിരിക്കാനുള്ള ആരോപണങ്ങള്‍ ആടിനെ പട്ടിയാക്കൽ- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് യു.എ.പി.എ ചുമത്തേണ്ട ആവശ്യമില്ളെന്നും ചില കേസുകളില്‍ വകുപ്പ് ചുമത്തിയത് തെറ്റാണെന്ന വാദത്തെ അംഗീകരിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തോടനുബന്ധിച്ച് പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ നീക്കങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അത്തരം കേസുകളില്‍ യു.എ.പി.എ ചുമത്തിയേ മതിയാകൂ. അതിനോട് വിട്ടുവീഴ്ചകാട്ടാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ മുസ്ലിം ലീഗും ന്യൂനപക്ഷ വിഭാഗങ്ങളിലെ മതേതര ചിന്താഗതിയുള്ള സംഘടനകളും സര്‍ക്കാറിനൊപ്പം കൈകോര്‍ക്കണം. ഏതെങ്കിലും മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ടതുകൊണ്ട് കേരളത്തില്‍ ആര്‍ക്കും ഒരു പീഡനവും ഏല്‍ക്കേണ്ടിവരില്ല. ഇതിന് വിപരീതമായി ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചാല്‍ അവരെ തിരുത്തുന്ന സര്‍ക്കാറാണ് ഇപ്പോഴുള്ളത്. ന്യൂനപക്ഷങ്ങളെ സര്‍ക്കാറിനെതിരെ തിരിക്കാനുള്ള ലീഗിന്‍െറ ആരോപണങ്ങള്‍ ആടിനെ പട്ടിയാക്കലാണ്.

കുട്ടികളെ എങ്ങനെ മതംമാറ്റാമെന്ന് പഠിപ്പിക്കുന്ന കോഴ്സുകള്‍ സംസ്ഥാനത്ത് അനുവദിക്കില്ല. അത്തരം പരാതികള്‍ വരുന്നുണ്ട്. അവ പരിശോധിക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ നിയോഗിച്ചു. ശബ്ദം പുറത്തുവരാതെ എങ്ങനെ മനുഷ്യരെ കൊല്ലാമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നുണ്ട്. പല ജില്ലകളിലും ആര്‍.എസ്.എസ് അഴിഞ്ഞാടുന്നു.  അക്രമികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പരിരക്ഷ കിട്ടുമെന്ന് വിചാരിക്കരുത്. സംസ്ഥാനത്തോട് കേന്ദ്രസര്‍ക്കാര്‍ പകപോക്കുകയാണ്. റേഷന്‍ പ്രതിസന്ധിയും സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കവും ഇതിന്‍െറ ഭാഗമാണ്. റേഷന്‍ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ആര്‍.എസ്.എസും മാവോവാദികളും എന്‍.ഡി.എഫ്-എസ്.ഡി.പി.ഐ തീവ്രവാദശക്തികളും ശ്രമിക്കുന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍.എസ്.എസ് ക്രിസ്മസ് കാലത്ത് 30 കേന്ദ്രങ്ങളില്‍ ആയുധപരിശീലനം നടത്തി. ആര്‍.എസ്.എസ് ആക്രമണങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടരുത്. എതിര്‍ചേരിയില്‍ നില്‍ക്കുന്നവരെപ്പോലും പാര്‍ട്ടിക്ക് പിന്നില്‍ അണിനിരത്താനാണ് പ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


 

Tags:    
News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.