കണ്ണൂർ: രാഷ്ട്രീയസമ്മർദങ്ങൾക്ക് വഴങ്ങാതെ ജനപക്ഷത്തുനിന്ന് പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പൊലീസിനോട്. സമീപകാലത്തായി പൊലീസിനും സർക്കാറിനുമെതിരെ ഉയർന്ന വിമർശനങ്ങളെ തുടർന്ന് വിളിച്ചുചേർത്ത വടക്കൻ മേഖലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് രാഷ്ട്രീയക്കാർക്കും പാർട്ടികൾക്കും വഴങ്ങുന്ന പൊലീസിനെതിരെ പിണറായി താക്കീത് നൽകിയത്. പൊലീസ് ശരിയുടെ പിന്നാലെയാണ് പോകേണ്ടത്. ശരി ആര് ചെയ്താലും സർക്കാർ സംരക്ഷിക്കും. ഇക്കൂട്ടരുടെ കൂെടയാണ് സർക്കാർ. എന്നാൽ, തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല, തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകും -അദ്ദേഹം പറഞ്ഞു.
വിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പൊലീസ് കൈകാര്യം ചെയ്ത രീതി വിവാദമായതിനെ തുടർന്നാണ് ഇടതുസർക്കാറിെൻറ പൊലീസ് നയം വ്യക്തമാക്കുന്നതിന് മുഖ്യമന്ത്രി തന്നെ യോഗം വിളിക്കുന്നത്. തിരുവനന്തപുരത്തായിരുന്നു ആദ്യയോഗം.
ഒന്നേമുക്കാൽ മണിക്കൂർ പ്രസംഗിച്ച പിണറായിയുടെ സംസാരത്തിലുടനീളം പൊലീസിെൻറ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്ന പരാമർശങ്ങളായിരുന്നു. വലിയ കുറ്റപ്പെടുത്തലുകൾക്ക് മുതിർന്നില്ലെങ്കിലും പൊലീസിെൻറ തെറ്റായ ഇടപെടലുകൾ പലപ്പോഴും സർക്കാറിനെ പ്രതിരോധത്തിലാക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. കുറ്റകൃത്യങ്ങളോട് കർക്കശസമീപനം വേണം. കുറ്റവാളികളോട് സൗമനസ്യം കാണിക്കേണ്ടതില്ല. സ്ത്രീകളോടുള്ള പെരുമാറ്റത്തിലും, പരാതിയുമായി എത്തുന്നവരോടുമുള്ള പെരുമാറ്റത്തിലും, സാധാരണക്കാരോടുള്ള പെരുമാറ്റത്തിലും പൊലീസിന് മാറ്റങ്ങൾ വേണമെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റേഷന് അകത്തും പുറത്തും മൂന്നാംമുറ അനുവദിക്കില്ല. ചിലയിടങ്ങളിൽ വർഗീയ സംഘർഷത്തിനും സാമുദായികപ്രശ്നങ്ങളുണ്ടാക്കാനും ശ്രമങ്ങളുണ്ടാകുന്നുണ്ട്. ശക്തമായ നടപടികൾക്കൊപ്പം സൂക്ഷ്മമായ നിരീക്ഷണവും ഇത്തരം സാഹചര്യങ്ങളിലുണ്ടാകണം. സാമുദായികമോ വർഗീയമോ ആയ ഒരു ചായ്വും പൊലീസിന് ഉണ്ടാകരുത്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ സ്റ്റേഷൻഹൗസ് ഓഫിസർമാർ മുതൽ ഐ.ജിവരെയുള്ള ഉദ്യോഗസ്ഥന്മാരാണ് കണ്ണൂരിലെ യോഗത്തിൽ പങ്കെടുത്തത്. ഡി.ജി.പി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ്, ഇൻറലിജൻസ് ഡി.ജി.പി മുഹമ്മദ് യാസിൻ, ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാൻ, കണ്ണൂർ റേഞ്ച് ഐ.ജി മഹിപാൽ യാദവ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.