തിരുവനന്തപുരം: സദ്ഗുണങ്ങൾ ഇല്ലാത്തവർ പൊലീസിൽ തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സേനക്ക് ചേരാത്ത പ്രവൃത്തി ചെയ്യുന്നവർ അതിന്‍റെ ഭാഗമായി നിൽക്കണോയെന്നും അദ്ദേഹം ചോദിച്ചു. ചിലരുടെ പ്രവൃത്തി സേനക്ക് അപമാനമുണ്ടാക്കുന്നു. സേനക്ക് ചേരാത്ത സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജാഗ്രതയുണ്ടാകണമെന്നും മുഖ്യമന്ത്രി പഞ്ഞു. പൊലീസ് ദിനാഘോഷ പരേഡും ജനമൈത്രി, സോഷ്യൽ പൊലീസിങ് ഡയറക്ടറേറ്റുകൾക്കായി നിർമിച്ച കെട്ടിടവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശരിയല്ലാത്ത ചെയ്‌തികൾ സേനക്കാകെ അപമാനമുണ്ടാക്കുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതെന്നു നാടും ജനങ്ങളും കരുതുന്ന കാര്യങ്ങൾ ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഉണ്ടായാൽ വിമർശനമുയരും. അതിനെ പോസിറ്റീവായി കാണണം. കേരള പൊലീസ് ദൂഷ്യങ്ങളില്ലാത്ത പൊലീസാകണമെന്നാണ് നാട് ആഗ്രഹിക്കുന്നത്. അങ്ങനെയാകാൻ പറ്റുമെന്ന് തെളിയിക്കുന്ന ഘട്ടത്തിൽ ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ ജാഗ്രത ഉണ്ടാകണം.
തെറ്റുകളോട് വിട്ടുവീഴ്‌ചയുണ്ടാകില്ല. വിരലിലെണ്ണാവുന്ന സംഭവങ്ങളാണെങ്കിലും അംഗീകരിക്കാൻ കഴിയില്ല. ഉന്നത ഉദ്യോഗസ്ഥരടക്കം ഇക്കാര്യം ഉൾക്കൊള്ളണം. തെറ്റ് ചെയ്‌തവർ തുടരുന്നത് പൊലീസിന്റെ യശസ്സിനെ ബാധിക്കും. ആരുടെയും കഞ്ഞികുടി മുട്ടിക്കുക സർക്കാർ ലക്ഷ്യമല്ല. പക്ഷേ, തെറ്റ് ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ല. സത്യസന്ധമായും നിർഭയമായും ജോലിചെയ്യുന്നവരെ സർക്കാർ സംരക്ഷിക്കും.
പൊലീസ് യശസ്സ് നേടിയ ഘട്ടമാണിത്. എന്നാല്‍ എങ്ങനെയെങ്കിലും പ്രശ്നമുണ്ടാക്കാൻ ചിലർ ഗവേഷണം നടത്തുന്നുണ്ട്. അതിനെയെല്ലാം തരണംചെയ്ത് ജോലി ചെയ്യുന്ന പൊലീസിനെ അഭിനന്ദിക്കുന്നു. പൊലീസ് സേനയെ അടിമുടി പരിഷ്‌കരിച്ച് ജനകേന്ദ്രീകൃതമാക്കി മാറ്റാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. മികച്ച സേവനത്തിനുള്ള പൊലീസ് മെഡലുകളും മുഖ്യമന്ത്രി വിതരണം ചെയ്‌തു. വി.കെ. പ്രശാന്ത് എം.എൽ.എ, പൊലീസ് മേധാവി അനിൽ കാന്ത്, എ.ഡി.ജി.പിമാരായ കെ. പത്മകുമാർ, എം.ആർ. അജിത്‌കുമാർ, ബൽറാംകുമാർ ഉപാധ്യായ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.