കണ്ണൂര്‍: പേരും രൂപവും മാറി പി.ജെ. ആർമി ഫേസ്ബുക്ക് പേജ്. റെഡ് ആര്‍മി എന്നാണ് പുതിയ പേര്. സി.പി.എമ്മിനകത്തെ പ്രശ്നങ്ങളിൽ പി.ജയരാജനുവേണ്ടി നിലകൊണ്ട സംഘമാണ് പി.ജെ ആർമി. തനിക്കോ പാർട്ടിക്കോ പി.ജെ. ആർമിയുമായി ബന്ധമില്ലെന്ന് പി.ജയരാജൻ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, പാർട്ടിയിൽ പി.ജയരാജൻ ഒതുക്കപ്പെടുന്നതിൽ അണികളിലെ വികാരം ഏകോപിപ്പിക്കുന്നതിലും ജനകീയത വർധിപ്പിക്കുന്നതിലും പി.ജെ. ആർമിയുടെ പങ്ക് വലുതാണ്.
പി.ജെ. ആർമിയുടെ ചിലരും സ്വർണക്കടത്തിൽ ആരോപണവിധേയരാണ്. വ്യക്തിപൂജ വിവാദത്തിലെ അന്വേഷണം അവസാനിപ്പിച്ച പാർട്ടി പി.ജയരാജന് ക്ലീൻ ചിറ്റ് നൽകിയ സാഹചര്യത്തിൽ പാർട്ടിയിൽ തിരിച്ചുവരവിനുള്ള സാധ്യതക്ക് വിലങ്ങുതടിയാകാതിരിക്കാനുള്ള മുൻകരുതൽ കൂടിയാണ് പേരുമാറ്റം. പേരുമാറിയെങ്കിലും പി.ജയരാജനെ പ്രകീർത്തിക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും പ്രതികരണങ്ങളുമാണ് പേജിൽ നിറയെ.
എന്നാൽ, പേരുമാറ്റം സംബന്ധിച്ചുള്ള വിശദീകരണം ഇതാണ്: വടകര തെരഞ്ഞെടുപ്പിൽ തുടങ്ങിയതാണ് ഈ പേജ്. നല്ല റീച്ച് ഉള്ള പേജായതിനാൽ ഉപേക്ഷിച്ചില്ല. പേരുമാറ്റി പി.ജെ ആർമി എന്ന പേരിൽ മുന്നോട്ടുപോയി. ഈ പേരും പേജും പി.ജെയുടെ അറിവോടെ അല്ലെന്ന് പലതവണ പറഞ്ഞു. ഒരിക്കലും പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടില്ല, പ്രവർത്തിക്കുകയും ഇല്ല. പാർട്ടി എന്തുപറഞ്ഞാലും അനുസരിക്കാൻ തയാറാണ്.
സ്വർണക്കടത്ത് വിവാദത്തിൽ സൈബർ സഖാക്കളെ തലോടിയും മാധ്യമങ്ങളെ കടന്നാക്രമിച്ചും പി. ജയരാജൻ. സി.പി.എമ്മിനെതിരെ മാധ്യമങ്ങൾ അപവാദ പ്രചാരണം നടത്തുകയാണെന്ന് ആക്ഷേപിക്കുേമ്പാഴും ക്വട്ടേഷൻ ഇടപാടുകളിൽ ആരോപണ വിധേയരായ ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി തുടങ്ങിയവരെ ജയരാജൻ പേരെടുത്ത് തള്ളിപ്പറയുന്നില്ല. അഴീക്കോട്ടെ യുവാവ്, തില്ലങ്കേരി സ്വദേശി എന്നിങ്ങനെയാണ് ഇവരെക്കുറിച്ചുള്ള സൂചനകൾ.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിെൻറ ഭാഗമായി പുറത്തുവന്ന പേരുകാർ മൂന്നോ നാലോ വര്‍ഷം മുമ്പ് എടുത്ത ഫോട്ടോകള്‍ അവതരിപ്പിച്ച് പാര്‍ട്ടി വിരുദ്ധ പ്രചാരവേല നടത്തുകയാണ് മാധ്യമങ്ങളെന്ന് ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കുന്ന അഴീക്കോട്ടെ യുവാവിനെ നാലു വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐയില്‍നിന്ന് ഒഴിവാക്കി.
തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെതുടര്ന്ന് പാര്‍ട്ടി പുറത്താക്കി. ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെട്ടയാൾ, അയാൾ വഴിതെറ്റി എന്നു പറയുന്നതിനുപകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃതരീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാധ്യമങ്ങളും തുടരുന്നതെന്നും ജയരാജൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.