കോഴിക്കോട്: മുൻ മന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷവിമർശനവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ.അബ്ദുറബ്ബ്. മുസ്‍ലിം ലീഗിനെതിരെ പോസ്റ്റിട്ടില്ലെങ്കിൽ കമ്യൂണിസ്റ്റ് ദീനിൽ നിന്നും പുറത്താകുമോയെന്ന ഭയമാണ് ചിലർക്കെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഡൽഹിയിലെ ആസ്ഥാനമന്ദിരത്തിനായി ലീഗ് പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാം. പുറത്ത് നിന്നുള്ള മേസ്തിരിമാരുടെ ഉപദേശം ഇക്കാര്യത്തിൽ തൽക്കാലം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രളയഫണ്ടും മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടും മുക്കിയവരും കോവിഡുകിറ്റിലും ഭക്ഷണകിറ്റിലും അഴിമതി നടത്തിയവരുമാണ് ലീഗിനെ ഉപദേശിക്കാൻ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
ഡൽഹിയിലെ മുസ്ലിം ലീഗ് ആസ്ഥാനമന്ദിരത്തിനായി ലീഗ് പിരിച്ച തുക എങ്ങനെ വിനിയോഗിക്കണമെന്ന് ലീഗിനറിയാം.. പുറത്ത് നിന്നുള്ള മേസ്തിരിമാരുടെ ഉപദേശം തൽക്കാലം ലീഗ്പാർട്ടിക്കു വേണ്ട.
കുടുക്ക പൊട്ടിച്ച കുഞ്ഞു പൈതങ്ങളെയും, ആടിനെ വിറ്റ സുബൈദതാത്തയെയും,വഞ്ചിച്ച് പ്രളയ ഫണ്ട്മുക്കിയവർ..! സക്കാത്ത് വിഹിതം വരെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയ വിശ്വാസികളെപ്പോലും അപമാനിച്ചവർ..!
കോവിഡ് കാലത്ത് പി.പി.ഇ കിറ്റിലും, ഭക്ഷണക്കിറ്റിൻ്റെ സഞ്ചിയിലും മാത്രമല്ല പട്ടിക്കു കൊടുക്കേണ്ട ഫുഡിൽ നിന്നു വരെ അടിച്ചു മാറ്റിയവർ...! മഹാരാജാസിൻ്റെ മണ്ണിൽ പാർട്ടിക്കു വേണ്ടി വീരമൃത്യു വരിച്ച അഭിമന്യുവിൻ്റെ പേരിൽ പിരിച്ച കോടികളിൽ നിന്നു പോലും കയ്യിട്ടു വാരിയവർ....!
ഇവരാണ് ലീഗിനെ ഉപദേശിക്കാൻ വരുന്നത്. ദിവസവും ലീഗിനെതിരെ ഒന്നോ രണ്ടോ പോസ്റ്റിട്ടിട്ടില്ലെങ്കിൽ... ലീഗിനെ എന്തെങ്കിലും ഉപദേശിച്ചിട്ടില്ലെങ്കിൽ... കമ്മ്യൂണിസ്റ്റ് ദീനിൽ നിന്നും പുറത്താകുമോയെന്ന ഭയമാണ് ചിലർക്ക്..!അവരൊക്കെ ഒരു വിരൽ ലീഗിനു നേരെ ചൂണ്ടുമ്പോൾ ബാക്കി നാലു വിരലുകളും അവരുടെ നേർക്കു തന്നെയാണ്....! വണ്ടി വിടപ്പാ...!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.