ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക‍? -പി.കെ. ഫിറോസ് 

കോഴിക്കോട്: പാലത്തായി പീഡനക്കേസ് പ്രതിയും ബി.ജെ.പി നേതാവുമായ പത്മരാജന് കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാറിനോട് ചോദ്യവുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പകയെന്ന് ഫിറോസ് ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു. എടപ്പാൾ, വാളയാർ കേസുകളിലും പ്രതികളെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ ഫിറോസ് ചൂണ്ടിക്കാട്ടുന്നു. 

ഫേസ്ബുക് പോസ്റ്റ് വായിക്കാം...

ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?

എടപ്പാളിലെ തിയേറ്ററിൽ ബാലികയെ പീഡിപ്പിച്ച സംഭവം ഓർമയില്ലേ? വിവരം ചൈൽഡ് ലൈനെ അറിയിച്ച തിയേറ്റർ ഉടമക്കെതിരെയായിരുന്നു പിണറായിയുടെ പൊലീസ് കേസെടുത്തത്. പിന്നീട് വാളയാറിലെ രണ്ട് കുട്ടികൾക്കും നീതി കിട്ടിയില്ല.

ആദ്യത്തെ കുട്ടി പീഡനത്തിന് വിധേയയായി മരണത്തിന് കീഴടങ്ങിയപ്പോഴും പിണറായിയുടെ പൊലീസ് അനങ്ങിയിരുന്നില്ല. രണ്ടാമത്തെ കുട്ടിയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും സംഭവം വിവാദമാവുകയും ചെയ്തപ്പോൾ മാത്രമാണ് കേസെടുത്തത്. എന്നിട്ടും പ്രതികൾ കേസിൽ നിന്ന് നിഷ്പ്രയാസം രക്ഷപ്പെട്ടു. പൊലീസ് അവരെ സഹായിച്ചു എന്ന് പറയുന്നതാണ് ശരി.

ഒരു പൊലീസുകാരനെതിരെയും നടപടി ഉണ്ടായില്ല. ഉഭയകക്ഷി സമ്മതപ്രകാരമാണ് പ്രതികൾ കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന് പറഞ്ഞ പൊലീസുദ്യോഗസ്ഥൻ പോലും ഇപ്പോഴും സർവിസിൽ ഞെളിഞ്ഞിരിക്കുന്നു.

ഇപ്പോഴിതാ പാലത്തായി കേസിലും പ്രതിക്ക് ജാമ്യം ലഭിക്കാൻ പൊലീസ് വഴിയൊരുക്കിയിരിക്കുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനിക്കെതിരെയുള്ള പീഡനമായിട്ടും പോക്സോ ആക്ട് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല. ഈ കേസിലും നീതി ലഭിക്കാൻ പോകുന്നില്ല.

ശിശുക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. അഭ്യന്തര മന്ത്രി പിണറായി വിജയന്‍റെ ജില്ലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.

ശൈലജ ടീച്ചറോടും പിണറായി വിജയനോടും ഒരു കാര്യം ചോദിച്ചോട്ടെ... നിങ്ങളുടെ വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ നിങ്ങൾ സ്വീകരിക്കുക?

ഈ കുരുന്നുകളുടെ ശാപമൊക്കെ നിങ്ങൾ എവിടെയാണ് കൊണ്ടു പോയി കഴുകിക്കളയുക!!

Tags:    
News Summary - pk firoz facebook post in palathayi case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.