തിരുവനന്തപുരം: ഭരണഘടനയുമായി ബന്ധപ്പെട്ട് സജി ചെറിയാൻ നടത്തിയ പ്രസ്താവനയും ഗോൾവാർക്കർ നടത്തിയ പ്രസ്താവനയും ഒന്നാണെന്ന വി.ഡി. സതീശന്റെ താരതമ്യം ശരിയല്ലെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. ഭരണഘടന ബി.ജെ.പിക്ക് വേദപുസ്തകമാണ്. സതീശന്‍റെ താരതമ്യം അബദ്ധജടിലമാണെന്നും കൃഷ്ണദാസ് പറഞ്ഞു.
തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചില മാധ്യമങ്ങൾ അവരുടെ രീതിയിൽ വ്യാഖ്യാനിച്ചു. സതീശൻ ആർ.എസ്.എസിനെ വിമർശിക്കുന്നതിന്‍റെ ആയിരത്തിലൊന്ന് മതഭീകര സംഘടനകളെ വിമർശിക്കുന്നില്ല. പ്രതിപക്ഷ നേതാവിന് ഇരട്ടത്താപ്പ് നയമാണ്. ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് എന്തുകൊണ്ടെന്ന് സതീശൻ വ്യക്തമാക്കട്ടെ. മത ഭീകരവാദ സംഘടനകളുടെ കളിപ്പാവയാണ് സതീശൻ. സജി ചെറിയാന്‍റെ പ്രസ്താവനയെ വെള്ള പൂശാനാണ് സതീശൻ ശ്രമിക്കുന്നതെനും കൃഷ്ണദാസ് പറഞ്ഞു.
മതേതരത്വം രാജ്യത്തിന്‍റെ സങ്കൽപം ആണ്. സർക്കാർ കാര്യങ്ങളിൽ മതമോ മതപരമായ കാര്യങ്ങളിൽ സർക്കാരോ ഇടപെടാൻ പാടില്ലെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയുടെ ആരോപണത്തെക്കുറിച്ചും കൃഷ്ണദാസ് പറഞ്ഞു. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയത്തിൽ പ്രതികരിക്കുന്നില്ല. തെളിവുകൾ ഉണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.