മുക്കം: എ.കെ. ബാലന് ഭ്രാന്താണെന്ന് താൻ പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറഞ്ഞതായിവന്ന വാർത്തകൾ മാധ്യമസൃഷ്ടിയെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. മുന്നണിമാറ്റമില്ലെന്നാണ് താൻ പറഞ്ഞതെന്നും അതേക്കുറിച്ച് വരുന്ന വാർത്തകളാണ് ഭ്രാന്താണെന്ന് പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി മുക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നവകേരള സദസ്സിന്റെ പ്രഭാത യോഗത്തിൽ ലീഗ് നേതാവ് പങ്കെടുത്തത് മുന്നണിമാറ്റത്തിന്റെ സൂചനയാണെന്ന സി.പി.എം നേതാവ് എ.കെ. ബാലന്റെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രതികരണം വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.
യു.ഡി.എഫിൽ നിന്ന് ചാടാൻ ഒരു ബാങ്കിന്‍റെ കിളിവാതിൽ ലീഗിന് ആവശ്യമില്ല. ലീഗ് സ്വതന്ത്ര്യ പാർട്ടിയാണെന്നും മുന്നണി മാറണമെങ്കിൽ അക്കാര്യം ആലോചിച്ച് തീരുമാനിക്കാൻ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു. മുന്നണി ബന്ധം എന്നത് ഹൃദയബന്ധമാണ്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് അതിശക്തമായ പ്രകടനവും നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച തിരിച്ചുവരവും യു.ഡി.എഫ് കാഴ്ചവെക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലീഗിന് യു.ഡി.എഫുമായുള്ള ബന്ധം തുമ്മിയാൽ തെറിക്കുന്ന മൂക്കല്ല. യു.ഡി.എഫിന്‍റെ അടിത്തറ പാകിയവരും മുന്നണിക്ക് വേണ്ടി കഷ്ടപ്പെട്ടവരുമാണ്. ലീഗ് രാജ്യത്ത് ഇൻഡ്യ മുന്നണിക്കും കേരളത്തിൽ യു.ഡി.എഫിനും വെന്നിക്കൊടി പാറിക്കാൻ പണിയെടുക്കാൻ പോകുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.